മാഹി: മേഖലയിലെ പെട്രോൾ പമ്പ് ജീവനക്കാർക്ക് ഇടക്കാല ആശ്വാസമായി പ്രതിമാസം 750 രൂപ വർദ്ധന വരുത്തി. വെള്ളിയാഴ്ച മാഹി ലേബർ ഓഫീസർ കെ. മനോജിന്റെ സാന്നിദ്ധ്യത്തിൽ പമ്പുടമകളും, ട്രേഡ് യൂനിയൻ നേതാക്കളും പങ്കെടുത്ത യോഗത്തിലാണ് തീരുമാനമായത്. വർദ്ധന ജൂലായ് മാസത്തിൽ പ്രാബല്യത്തിൽ വരും. 15 പെട്രോൾ പമ്പുകളിലായി ജോലി ചെയ്യുന്ന 300 തൊഴിലാളികൾക്ക് ഈ ആനുകൂല്യം ലഭിക്കും. 2022 ജനുവരിയിൽ വീണ്ടും ശമ്പള വർദ്ധന കാര്യം ചർച്ച ചെയ്യും.

മാഹി ലേബർ ഓഫീസിൽ നടന്ന ചർച്ചയിൽ പമ്പുടമകളെ പ്രതിനിധീകരിച്ച് മാഹി പെട്രോൾ പമ്പ് ഡീലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പി.എൻ. ഗണേശൻ, സെക്രട്ടറി കെ. സുജിത്ത്, മജീദ് എന്നിവരും, ട്രേഡ് യൂനിയൻ നേതാക്കളായ എ. പ്രേമരാജൻ, ടി. സുരേന്ദ്രൻ, പ്രകാശൻ (സി.ഐ.ടി.യു), കെ.പി. ജോതിർമനോജ് ( ബി.എം.എസ്), കെ. മോഹനൻ (ഐ.എൻ.ടി.യു.സി) തുടങ്ങിയവരും സംബന്ധിച്ചു.