കാസർകോട്: അപകടസാദ്ധ്യതയേറിയ ഇന്ധനങ്ങൾ നിറച്ച ടാങ്കർ ലോറികളുടെ പകൽ സമയത്തെ കൂട്ടയോട്ടം ഭീതി ഉണർത്തുന്നു. ടാങ്കറുകൾ പകൽസമയത്ത് ഓടുന്നതിനുള്ള സമയം നിജപ്പെടുത്തിയെങ്കിലും ഇപ്പോൾ ഏതുസമയത്തും തിരക്കേറിയ റോഡുകൾ കൈയടക്കിയാണ് ഇവയുടെ ഓട്ടം.
അന്യസംസ്ഥാനങ്ങളിൽ നിന്ന് ഇന്ധനവും നിറച്ചുവരുന്ന ടാങ്കറുകൾ അപകടകരമായ രീതിയിലാണ് പകൽസമയങ്ങളിൽ ഓടുന്നത്. ഡ്രൈവർമാർ മദ്യപിച്ചിട്ടുണ്ടോയെന്ന പരിശോധന പോലും നിലവിൽ കാര്യക്ഷമമല്ല. കേരള അതിർത്തിയായ തലപ്പാടി പിന്നിട്ട് നൂറുകണക്കിന് ടാങ്കർലോറികളാണ് സമയനിഷ്ഠയില്ലാതെ കടന്നുവരുന്നത്. കൊച്ചിയിൽ നിന്ന് കർണ്ണാടകയിലേക്ക് പോകുന്ന ടാങ്കറുകളും ഏറെയാണ്. മംഗളുരുവിൽ നിന്ന് കാസർകോട് എത്തുന്ന ടാങ്കർ ലോറികൾ കൂട്ടത്തോടെ ദേശീയ പാതയ്ക്ക് പകരം തിരക്കേറിയ ചന്ദ്രഗിരി കെ.എസ്.ടി.പി റോഡിലൂടെയാണ് പകൽസമയത്തും യാത്ര ചെയ്യുന്നത്. പയ്യന്നൂർ കഴിഞ്ഞാൽ നേരെ പഴയങ്ങാടി കെ.എസ്.ടി.പി റോഡ് കൈയടക്കിയാണ് ഇവയുടെ യാത്ര. മൂന്നും നാലും ടാങ്കറുകൾ ഒരുമിച്ച് ഓടിച്ചു പോകുന്നതു കാരണം പിറകെ വരുന്ന ചെറിയ വാഹനങ്ങൾക്ക് മറികടന്ന് പോകാനും പ്രയാസമാണ്.
ഒന്നിച്ചോടുന്ന ടാങ്കറുകൾ അപകടത്തിൽപെടുന്നത് മൂലം വലിയ ഗതാഗതതടസമാണുണ്ടാകുന്നത്. മദ്യപിച്ച് തീരെ സുരക്ഷിതമല്ലാത്ത വിധത്തിൽ ടാങ്കറുകൾ ഓടിക്കുന്നവരുടെ എണ്ണം കൂടുകയാണ്. അപകടങ്ങൾ കുറക്കുന്നതിന് ടാങ്കറുകളുടെ ഓട്ടം നിയന്ത്രിക്കണമെന്നും പരിശോധന ശക്തമാക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.
ഡ്രൈവർ ഒന്നുമാത്രം
കണ്ണൂർ ചാലയിലുണ്ടായ ടാങ്കർ ദുരന്തത്തിന് ശേഷം ടാങ്കർ ലോറികളിൽ രണ്ട് ഡ്രൈവർമാർ വേണമെന്ന് സർക്കാർ നിർബന്ധമാക്കിയിരുന്നുവെങ്കിലും ഇതുവരെ പ്രാവർത്തികമാക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴും വിവിധ സംസ്ഥാനങ്ങൾ കടന്നുവരുന്ന ടാങ്കർ ലോറികളിൽ ഒരു ഡ്രൈവർ മാത്രമാണുള്ളത്. ചിലവയിൽ മാത്രം ഒരു ക്ളീനർ അധികമായുണ്ടാകും. ദീർഘദൂരം ലോറി ഓടിക്കുന്നത് മൂലമുണ്ടാകുന്ന ക്ഷീണത്തിൽ ഡ്രൈവർ ഉറങ്ങും. കളനാട് കട്ടക്കാലിൽ കഴിഞ്ഞ ദിവസം മദ്യലഹരിയിൽ ഓടിച്ച് അപകടം വരുത്തിയ ടാങ്കർ ലോറി ഡ്രൈവർ തമിഴ്നാട് സ്വദേശി മഞ്ചുനാഥയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കൊവിഡ് പ്രശ്നം കാരണം ഡ്രൈവർമാർ മദ്യപിച്ചത് കണ്ടുപിടിക്കുന്ന പരിശോധന കർശനമായി നടക്കുന്നില്ല. കൊവിഡ് പ്രശ്നങ്ങൾ അല്പം അയഞ്ഞതിനു ശേഷം പരിശോധന കർശനമാക്കും. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു നമ്മുടെ നാട്ടിലെ റോഡിന്റെ പ്രശ്നവും അപകടത്തിന് കാരണമാകുന്നുണ്ട്.
ടി .എം ജെർസൺ ( ആർ. ടി .ഒ എൻഫോഴ്‌സ്‌മെന്റ് കാസർകോട്)