port
കെ.വി. സുമേഷ് എം.എൽ.എ, ജില്ലാ കളക്ടർ ടി.വി. സുഭാഷ് എന്നിവർ പദ്ധതി സ്ഥലം സന്ദർശിച്ചപ്പോൾ

കണ്ണൂർ: അഴീക്കലിൽ നിർമിക്കാനുദ്ദേശിക്കുന്ന അന്താരാഷ്ട്ര ഗ്രീൻ ഫീൽഡ് തുറമുഖത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ തീരുമാനം. ഭൂമി ഏറ്റെടുക്കുന്നതിനായുള്ള നടപടിക്രമങ്ങൾ 10 ദിവസത്തിനകം പൂർത്തീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. നടപടികൾ വേഗത്തിലാക്കുന്നതിനായി കണ്ണൂർ തഹസിൽദാറുടെ നേതൃത്വത്തിൽ ജില്ലാ സർവേ സൂപ്രണ്ട്, സീനിയർ പോർട്ട് കൺസർവേറ്റർ, തഹസിൽദാർ (എൽ.ആർ) തുടങ്ങിയവർ ഉൾക്കൊള്ളുന്ന പ്രത്യേക കമ്മിറ്റിക്ക് രൂപം നൽകി.

മുഖ്യമന്ത്രി പിണറായി വിജയൻ പ്രത്യേകം താൽപര്യമെടുത്താണ് അഴീക്കൽ ഗ്രീൻ ഫീൽഡ് തുറമുഖത്തിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോവുന്നതെന്ന് കെ.വി. സുമേഷ് എം.എൽ.എ പറഞ്ഞു. ഉത്തര മലബാറിന്റെ വ്യാവസായിക, വ്യാപാര, ടൂറിസം വളർച്ചയിൽ വലിയൊരു കുതിച്ചുചാട്ടത്തിന് അവസരമൊരുക്കുന്ന പദ്ധതിയാണിത്. എത്രയും വേഗം പദ്ധതി പൂർത്തീകരിക്കാനാവശ്യമായ നടപടികൾ പുരോഗമിക്കുകയാണ്. ഭൂമി ഏറ്റെടുത്ത് നൽകൽ പൂർത്തിയാവുന്നതോടെ നിർമാണം ആരംഭിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി കെ.വി. സുമേഷ് എം.എൽ.എ, ജില്ലാ കളക്ടർ ടി.വി. സുഭാഷ് എന്നിവർ പദ്ധതി സ്ഥലം സന്ദർശിച്ചു.

നിലവിലുള്ള അഴീക്കൽ തുറമുഖത്തു നിന്ന് രണ്ടര കിലോമീറ്റർ അകലെയാണ് പുതിയ ഗ്രീൻഫീൽഡ് തുറമുഖം വരുന്നത്. അഴീക്കോട് പഞ്ചായത്തിലെ 85.7 ഏക്കറും മാട്ടൂൽ പഞ്ചായത്തിലെ 60.9 ഏക്കറും ഉൾപ്പെടെയുള്ള പദ്ധതി പ്രദേശത്ത് നേരത്തേ സർവേ നടപടികൾ പൂർത്തിയാക്കി തുറമുഖത്തിനുള്ള രൂപരേഖ തയ്യാറാക്കിയിരുന്നു. തുറമുഖം സ്ഥാപിക്കുന്നതിന്റെ മുന്നോടിയായുള്ള മണ്ണ് പരിശോധനയും ഇതിനകം പൂർത്തിയാക്കി.

പുതിയ തുറമുഖം മുനമ്പിനരികെ

കടലും വളപട്ടണം പുഴയും ചേരുന്ന മുനമ്പ് ഭാഗത്തിനടുത്തായാണ് പുതിയ അത്യാധുനിക ഗ്രീൻ ഫീൽഡ് തുറമുഖം സ്ഥാപിക്കുക. അഴീക്കലിൽ പുതിയ തുറമുഖ നിർമാണത്തിനായി സംസ്ഥാന സർക്കാർ മലബാർ ഇന്റർനാഷനൽ പോർട്ട് ആൻഡ് സെസ് ലിമിറ്റഡ് എന്ന പേരിൽ നേരത്തേ കമ്പനി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചിരുന്നു. പുതിയ പദ്ധതി പ്രദേശം അഴിമുഖത്തോട് ചേർന്നുകിടക്കുന്നതായതിനാൽ ആഴക്കുറവ് പ്രശ്നമാവില്ലെന്നത് അനുകൂല ഘടകമാണ്. ഈ ഭാഗത്ത് ഏഴ് മുതൽ 12 വരെ മീറ്റർ ആഴമുള്ളതിനാൽ വലിയ കപ്പലുകൾക്ക് വരെ അനായാസം അടുക്കാൻ കഴിയും.

കണ്ണൂരിനു പുറമെ, കാസർകോട്, വയനാട്, കുടക് ജില്ലകളിൽ നിന്നുള്ള ചരക്കുകൾ വിദേശ രാജ്യങ്ങളിലേക്ക് നേരിട്ട് എത്തിക്കാനും എളുപ്പത്തിലും ചുരുങ്ങിയ ചെലവിലും അസംസ്‌കൃത വസ്തുക്കളും വിവിധ ഉത്പന്നങ്ങളും ഇറക്കുമതി ചെയ്യാനും പുതിയ തുറമുഖം വരുന്നതോടെ സാദ്ധ്യമാവും-കെ.വി. സുമേഷ് എം. എൽ. എ