raseethi
അർജ്ജന്റീനയുടെ വിജയത്തിനായി ഉദിനൂർ ക്ഷേത്രപാലകക്ഷേത്രത്തിൽ വഴിപാട് നടത്തിയ രസീതി

തൃക്കരിപ്പൂർ: കോപ്പ അമേരിക്കയിൽ ബ്രസീലിനെതിരെ അർജന്റിനയുടെ വിജയത്തിനായി ക്ഷേത്രപാലകന് വഴിപാട് നേർന്ന് ആരാധകൻ.മറുഭാഗത്ത് ബ്രസീലിന്റെ വിജയത്തിനായി മുത്തപ്പന് പയങ്കുറ്റി നേർന്ന് ബ്രസീൽ ഫാൻസ്. കോപ്പയിൽ ക്ലാസിക്ക് ഫൈനലിന് മുന്നോടിയായി ആവേശം അലതല്ലുകയാണ് കാസർകോട്ടെ ഫുട്ബാൾ ഗ്രാമങ്ങളിൽ.

അരങ്ങു തകർക്കുന്ന കോപ്പ അമേരിക്ക കളിയാട്ടത്തിന്റെ പോസ്റ്ററുകളും കട്ടൗട്ടുകളും തെരുവോരങ്ങളിൽ ദൃശ്യമല്ലെങ്കിലും ആരാധകർ അകത്തളങ്ങളിൽ ഇരുന്ന് ആസ്വദിച്ചവരുടെ എണ്ണത്തിന് ഒരു കുറവുമുണ്ടായില്ല.ഉദിനൂർ ക്ഷേത്രപാലക ക്ഷേത്രപാലക ക്ഷേത്രത്തിലാണ് അർജന്റീനയുടെ വിജയത്തിനായി ക്ഷേത്രത്തിലെ പ്രധാന വഴിപാടായ തിരുവപ്പം നേർന്നത്.ഇതിനായി 500 രൂപയുടെ രശീതും മുറിച്ച് പ്രാർത്ഥനയോടെ കാത്തിരിക്കയാണ് ഉദിനൂർ സെൻട്രലിലെ മുൻ ഫുട് ബാൾ താരവും റിട്ട. പട്ടാളക്കാരനുമായ കെ.വി.ശ്രീജേഷ്.എം.ഇ.ജി.ബാംഗ്ലൂരിന്റെ യൂണിറ്റ് ടീമംഗമായ ഈ പട്ടാളക്കാരൻ മറഡോണയുടെ കടുത്ത ആരാധകനെന്ന നിലയിലാണ് അർജന്റീനയുടെയും പിന്നീട് മെസ്സിയുടെയും ആരാധകനായി മാറിയത്. ഇതു പോലെ ബ്രസീലിന് വേണ്ടി പറശ്ശിനിക്കടവ് മുത്തപ്പന് പൈങ്കൂറ്റിനേർന്നിരിക്കയാണ് ബ്രസീൽ ഫാൻസ്. അതോടൊപ്പം മാടായിക്കാവിലേക്കും നേർച്ചയിട്ടു വേറൊരു വിഭാഗം ബ്രസീൽ ഫാൻസുകാർ.

ഫൈനൽ മത്സരം കാണാനായി മാത്രം സോണി സിക്സിന്റെ പുതിയ വരിക്കാരായവരും ഇവിടെ നിരവധിയാണ്.