കാസർകോട്: യുവാവിനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട ക്രിമിനൽ സംഘത്തിലെ രണ്ടു പ്രതികളെ ഹൊസ്ദുർഗ് പൊലീസ് പിടികൂടി. പള്ളിക്കര ബിലാൽ നഗറിലെ ലാല കബീർ എന്ന എം. അഹമ്മദ് കബീർ (36),ചെറുവത്തൂർ പൊള്ളയിലെ മേലത്ത് ഹൗസിലെ ടി.സി സുഹൈൽ (20) എന്നിവരെയാണ് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഡോ. വി. ബാലകൃഷ്ണന്റെ നിർദ്ദേശ പ്രകാരം എസ്.ഐമാരായ കെ.പി. സതീഷ്, കെ. ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്.
പടന്നക്കാട് ഷബാന മൻസിലിലെ മെഹ്ബൂബിനെ(38) ശനിയാഴ്ച വൈകീട്ട് മൂന്നോടെയാണ് അഞ്ചംഗ സംഘം വീട്ടിൽ നിന്ന് വിളിച്ചിറക്കി കാറിൽ കയറ്റിക്കൊണ്ടുപോയത്. യുവാവിനെ വീട്ടുതടങ്കലിൽ പാർപ്പിച്ച ശേഷം ഭാര്യയെയും ബന്ധുക്കളെയും ഫോണിൽ വിളിച്ചു വിട്ടയയ്ക്കുന്നതിന് 25000 രൂപ ആവശ്യപ്പെടുകയായിരുന്നു. പൊലീസിനെ വിവരം അറിയിച്ചാൽ യുവാവിനെ കൊന്നുകളയുമെന്നും ഭീഷണിമുഴക്കി. പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് സംശയിക്കുന്നു.
ബന്ധുക്കൾ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ അതിഞ്ഞാലിൽ വെച്ച് തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറും പ്രതികളെയും കസ്റ്റഡിയിലെടുത്തു. കേസിൽ മറ്റു പ്രതികൾക്കായി പൊലീസ് തിരച്ചിൽ നടത്തിവരികയാണ്. നിരവധി പൊലീസ് സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകളിൽ പ്രതികളായവരാണ് സംഘത്തിൽ ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. എ.എസ്.ഐ അബൂബക്കർ കല്ലായി, സി.പി.ഒ കമൽകുമാർ എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.