കണ്ണൂർ:തെറ്റ് ചെയ്തവരെ എന്തുകൊണ്ട് നിങ്ങൾ മൂന്ന് വർഷം മുൻപ് തള്ളിപ്പറഞ്ഞില്ലെന്ന് ചോദിക്കുന്നവരോട് ത്രികാലജ്ഞാനമില്ലെന്നാണ് മറുപടിയെന്ന് സി.പി.എം സംസ്ഥാനകമ്മിറ്റിയംഗം പി.ജയരാജൻ. ക്വട്ടേഷൻ സംഘത്തിനെതിരെ സി.പി. ഐ കണ്ണൂർ ജില്ലാ സെക്രട്ടറി പി. സന്തോഷ് കുമാർ പാർട്ടി മുഖപത്രത്തിലെഴുതിയ ലേഖനം വിവാദമായ സാഹചര്യത്തിലാണ് ജയരാജന്റെ മറുപടി.
പാർട്ടിയെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുന്ന ലക്ഷക്കണക്കിന് യുവാക്കൾ സി.പി.എമ്മിൽ ഉണ്ട്. വിരലിലെണ്ണാവുന്ന ചിലർ ചെയ്ത തെറ്റിന്റെ പേരിൽ പാർട്ടിയോട് ആത്മാർത്ഥതയുള്ള യുവാക്കളെയാകെ തള്ളിപ്പറയാൻ പാർട്ടി തയ്യാറല്ല.
അരിവാൾ ചുറ്റിക നക്ഷത്രം ലോക്കറ്റായി ഉപയോഗിക്കുന്നവരെയെല്ലാം ക്വട്ടേഷൻസംഘങ്ങളായി ചിലർ കുറ്റപ്പെടുത്തുകയാണെന്നും ജയരാജൻ ഫേസ് ബുക്ക് പോസ്റ്റിൽ പറഞ്ഞു.
പോസ്റ്റ് ഇങ്ങനെ :
ക്വട്ടേഷൻ, കുഴൽപ്പണ മാഫിയക്കാരിൽ ചിലരുടെ പേര് പറഞ്ഞു ഒറ്റപ്പെടുത്താനും ഇത്തരം സംഘങ്ങൾക്കെതിരെ ജനങ്ങളെ അണിനിരത്താനും മുന്നോട്ട് വന്ന സി.പി. എമ്മിനെതിരെ എതിരാളികളുടെ നുണ പ്രചാരണങ്ങൾ അവസാനിക്കുന്നില്ല. മറ്റ് പാർട്ടികളിൽ നിന്ന് വ്യത്യസ്തമായി എല്ലാ തെറ്റുകൾക്കെതിരെയും പ്രതികരിക്കുന്ന പാർട്ടിയാണ് സി.പി.എം. അതാണ് കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിനെ തുടർന്ന് പാർട്ടി കൈക്കൊണ്ടത്. സി.പി.എമ്മിന്റെ ഭൂതകാലത്തെ വേട്ടയാടാൻ അവർ ശ്രമിക്കുന്നു.
കോർപ്പറേറ്റ് താൽപര്യക്കാർ പാർട്ടിക്കെതിരെ ശക്തമായ നിലപാട് കൈക്കൊണ്ടിട്ടുണ്ട്.പാർട്ടിയെ ആശയപരമായി മാത്രമല്ല കായികമായും ആക്രമിക്കാൻ എതിരാളികൾ ശ്രമിച്ചിട്ടുണ്ട്.അപ്പോഴെല്ലാം ജനങ്ങളെ അണിനിരത്തി ചെറുത്തുനിന്നിട്ടുള്ള പാർട്ടിയാണിത്.
അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കാലത്തും അത്തരം ചെറുത്തുനിൽപ്പുകൾക്ക് നേതൃത്വം കൊടുത്തു. അക്കാലത്ത് ചെറുത്ത്നിന്ന ചിലരെ പിൽക്കാലത്ത് അവരുടെ തെറ്റിന്റെ പേരിൽ അവിഭക്ത പാർട്ടി തന്നെ പരസ്യമായി തള്ളിപ്പറഞ്ഞിട്ടുമുണ്ട്.അതെല്ലാം ചിലർ മറക്കുകയാണ്. വലതുപക്ഷ മാദ്ധ്യമങ്ങളിൽ കവറേജ് കിട്ടാൻ ഭൂതകാലത്തെ തള്ളിപ്പറയാൻ സി.പി.എം തയ്യാറല്ല.
വിരലിലെണ്ണാവുന്ന തെറ്റ് ചെയ്തവരെ എന്തുകൊണ്ട് നിങ്ങൾ മൂന്ന് വർഷം മുൻപ് തള്ളിപ്പറഞ്ഞില്ല എന്നാണ് ചിലരുടെ ചോദ്യം.ത്രികാലജ്ഞാനമില്ലെന്നാണ് മറുപടി.