കാസർകോട്: പെട്രോൾ -ഡീസൽ -പാചക വാതക വിലവർദ്ധനയിലൂടെ കേന്ദ്ര സർക്കാർ നടത്തുന്ന നികുതികൊള്ള അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ആഹ്വാനം ചെയ്ത കുടുംബ സത്യാഗ്രഹം കാസർകോട് ജില്ലയിൽ മുഴുവൻ പ്രദേശങ്ങളിലും നടന്നു.
കാഞ്ഞങ്ങാട് ഐങ്ങോത്ത് നിർമ്മൽ നഗറിലെ വീട്ടിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി സത്യഗ്രഹത്തിൽ പങ്കെടുത്തു. കൊവിഡ് മൂലം ദുരിതത്തിലായ ജനങ്ങളുടെ പോക്കറ്റടിക്കുകയാണ് കേന്ദ്ര സർക്കാരെന്ന് എം.പി കുറ്റപ്പെടുത്തി. നികുതി കൊള്ളയ്ക്ക് കേന്ദ്ര സർക്കാരിനോട് മത്സരത്തിൽ ഏർപ്പെട്ടിരിക്കുകയാണ് കേരള സർക്കാരെന്നും എം.പി പറഞ്ഞു. കോൺഗ്രസ് നേതാക്കളായ രാജു കട്ടക്കയം, മനാഫ് നുള്ളിപ്പാടി തുടങ്ങിയവർ എം.പിയോടൊപ്പം സമരത്തിൽ പങ്കെടുത്തു.
മഹിളാ കോൺഗ്രസ് കാസർകോട് ജില്ലാ ജനറൽ സെക്രട്ടറിയും ഉദുമ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ ശ്രീജ പുരുഷോത്തമൻ ഉദുമയിലെ വസതിയിൽ ഗ്യാസ് സിലിണ്ടറും പ്ലക്കാർഡുമായി സത്യാഗ്രഹം നടത്തി.
എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കരുൺ താപ്പ, സി.വി ജെയിംസ്, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് അംഗം ജമീല അഹമ്മദ്, യൂത്ത് കോൺഗ്രസ് ഉദുമ ബ്ലോക്ക് ജനറൽ സെക്രട്ടറി അനൂപ് കല്ല്യോട്ട്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നോയൽ ടോമിൻ ജോസഫ് എന്നിവരും വീടുകളിൽ സത്യാഗ്രഹം നടത്തി.
1.രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ഐങ്ങോത്തെ വസതിയിൽ സത്യാഗ്രഹം നടത്തുന്നു
2. മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ശ്രീജ പുരുഷോത്തമൻ ഉദുമയിലെ വസതിയിൽ നടത്തിയ സത്യാഗ്രഹം