thalassmia

തലാസീമിയ രോഗികൾ സംസ്ഥാനത്ത് -2000

കണ്ണൂർ : സംസ്ഥാന സർക്കാരിന്റെ രക്തജന്യ രോഗികൾക്കുള്ള ആശ്വാസ പദ്ധതിയായ സമാശ്വാസത്തിന്റെ പരിധിയ്ക്ക് പുറത്തായി തലാസീമിയ രോഗികൾ. മാരക രക്തജന്യ രോഗികൾക്കായുള്ള ഈ ആനുകൂല്യത്തിന് ഹീമോഫീലിയ, സിക്കിൾ സെൽ അനീമിയ രോഗികളെ മാത്രം ഉൾപ്പെടുത്തിയപ്പോൾ തലാസീമിയ രോഗികളെ ബോധപൂർവം ഒഴിവാക്കുകയായിരുന്നു.

കേന്ദ്രസർക്കാരിന്റെ 2016 ലെ ഭിന്നശേഷി ആക്ട് പ്രകാരം ഹീമോഫീലിയ, സിക്കിൾ സെൽ അനീമിയ രോഗികളോടൊപ്പം തലാസീമിയ രോഗികളും ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുന്നുണ്ട്. എന്നിട്ടും മനുഷ്യത്വരഹിതമായ വിവേചനം ദയനീയ സാഹചര്യത്തെ നേരിടുന്ന ഈ രോഗികളോട് കാണിച്ചിരിക്കുകയാണ്. ഭാരിച്ച ചികിത്സാ ചെലവും അടിക്കടിയുള്ള ആശുപത്രിവാസവും ഈ രണ്ടാഴ്ച കൂടുമ്പോഴുള്ള ജീവരക്തത്തിനായുള്ള അലച്ചിലും തീരെ ചുരുങ്ങിയ ആയുർദൈർഘ്യവുമൊക്കെ പരിഗണിക്കുമ്പോൾ ഒരു ജനകീയ ജനാധിപത്യ സംവിധാനത്തിൽ മനുഷ്യഷ്യത്വമുള്ള ഒരു സർക്കാരിനും സ്വീകരിക്കാനാവാത്ത കടുത്ത നിലപാടാണ് നിസ്സഹായരായ തങ്ങളോട് പുലർത്തിപ്പോകുന്നതെന്നാണ് ഇവരുടെ ആക്ഷേപം.

സാമൂഹ്യ നീതി വകുപ്പ് മന്ത്രിമാർക്കും മുഖ്യമന്ത്രിമാർക്കും നീതി ആവശ്യപ്പെട്ട് പലവട്ടം നിവേദനം നൽകിയിരുന്നെങ്കിലും ഒരു പരിഗണനയും കിട്ടിയില്ലെന്നാണ് ഇവരുടെ ആരോപണം. ഈ സഹചര്യത്തിലാണ് നീതി തേടി കൗൺസിൽ കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രി താവർ ചന്ദ് ഗഹ്‌ലോട്ടിന് പരാതി നൽകിയിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ സമയോചിതമായ ഇടപെടൽ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് തലാസീമിയ രോഗികൾ.

കേരള തലാസീമിയ മേജർ രോഗികളെ സമാശ്വാസം പദ്ധതിയിൽ ഉൾപ്പെടുത്താതെ സംസ്ഥാന സർക്കാർ പിടിവാശി കാണിക്കുകയാണ്. പിടിവാശി അവസാനിപ്പിച്ച് എല്ലാ രക്തജന്യ രോഗികൾക്കും ഈ സൗകര്യം അനുവദിക്കണം- കരീം കാരശ്ശേരി(സംസ്ഥാന ജനറൽ കൺവീനർ, ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ)

തലാസീമിയ
രക്തത്തിൽ ഓക്സിജനെ സ്വീകരിക്കുന്ന ഹീമോഗ്‌ളോബിന്റെ അസംതുലിതാവസ്ഥയാണ് തലാസീമിയ.ചുവന്ന രക്താണുക്കളുടെ അളവ് സാധാരണയുള്ളതിൽ നിന്ന് കുറയുകയും ചെയ്യും. ക്ഷീണം,വിളർച്ച, വളർച്ചാമുരടിപ്പ് എന്നിവയാണ് ഇതിന്റെ ലക്ഷണം.രോഗം രൂക്ഷമായാൽ രക്തം സ്വീകരിക്കേണ്ടിവരും.