anved-

കാസർകോട്: കളിച്ചുകൊണ്ടിരിക്കേ വായിൽ കടന്ന വണ്ട് ഒന്നര വയസുകാരന്റെ ജീവനെടുത്തു. നുള്ളിപ്പാടി ചെന്നിക്കരയിലെ കെട്ടിട നിർമ്മാണ തൊഴിലാളി എ.സത്യേന്ദ്രയുടെയും രഞ്ജിനിയുടെയും മകൻ അൻവേദിനാണ് വണ്ട് ശ്വാസനാളത്തിൽ കുടുങ്ങി അന്ത്യം സംഭവിച്ചത്. ശനിയാഴ്ച രാത്രിയിലാണ് സംഭവം.

വൈകിട്ട് ആറരയ്ക്കുശേഷം വീടിനുള്ളിൽ രണ്ടു വയസുള്ള സഹോദരൻ ഋത്‌വേദിനൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് വായിൽ വണ്ട് കയറിയത്. ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. എട്ടുമണിയോടെ ശ്വാസതടസം നേരിട്ട കുട്ടി കുഴഞ്ഞുവീഴുകയും ബോധരഹിതനാവുകയും ചെയ്തു. ഉടൻ കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും എട്ടരയോടെ മരണം സംഭവിച്ചു. പ്രാഥമിക പരിശോധനയിൽ മരണകാരണം വ്യക്തമാകാത്തതിനെ തുടർന്ന് ഇന്നലെ നടത്തിയ പോസ്റ്റ് മോർട്ടത്തിലാണ് തൊണ്ടയ്ക്ക് തൊട്ടുതാഴെയായി ഒട്ടിപ്പിടിച്ചു കിടന്ന വണ്ടിനെ കണ്ടത്. പൊലീസ് സർജൻ ഡോ.രോഹിത് മോഹൻദാസാണ് പോസ്റ്റുമോർട്ടം നടത്തിയത്. ചെന്നിക്കര പൊതുശ്മശാനത്തിൽ സംസ്കാരം നടത്തി.

മരണംസംഭവിച്ചത്:

അന്നനാളവും ശ്വാസനാളവും വേർതിരിക്കുന്ന ഗ്ളോട്ടിസിന് തൊട്ടു മുകളിൽ വണ്ട് കുടുങ്ങി

വിളിപ്പേര്: കാരിയൻ വണ്ട്

ശാസ്ത്രനാമം: ഡെർമെസ്റ്റസ് മാക്കുലറ്റസ്

വലിപ്പം: 2 സെ.മീ,

നിറം: കറുപ്പ്

വാസം: മണ്ണിനടിയിൽ

അപായം: മഴക്കാലങ്ങളിൽ പുറത്തെത്തി ശരീരത്തിൽ പറ്റിപിടിക്കും

പ്രയോജനം: അസ്ഥികളിൽ പറ്റിപ്പിടിച്ചിരിക്കുന്ന മാംസം നീക്കം ചെയ്യാൻ ജീവശാസ്ത്ര പഠന കേന്ദ്രങ്ങളിലും മ്യൂസിയങ്ങളിലും ഉപയോഗിക്കും.മാസം കാർന്നു തിന്നും.

കാണപ്പെടുന്നത് :അന്റാർട്ടിക്ക ഒഴികെ എല്ലാ ഭൂഖണ്ഡങ്ങളിലും