നീലേശ്വരം: നീലേശ്വരം കച്ചേരിക്കടവിൽ പുതിയ നഗരസഭ ഓഫീസ് കെട്ടിടം പണി പുരോഗമിക്കുന്നു. ഡിസംബർ ആദ്യവാരം ഉദ്ഘാടനത്തിനാെരുങ്ങും. എട്ടു കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ അവസാനഘട്ട പ്രവൃത്തിയാണ് പുരോഗമിക്കുന്നത്.

മൂന്ന് നിലകളിൽ മിനി സിവിൽ സ്റ്റേഷൻ മാതൃകയിലാണ് നിർമ്മാണം. 30,000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിൽ 250പേർക്ക് ഇരിക്കാനുള്ള മിനി കോൺഫറൻസ് ഹാൾ, വിശാലമായ പാർക്കിംഗ് സൗകര്യം എന്നിവയുമുണ്ട്. കൂടാതെ യോഗങ്ങൾ ചേരുന്നതിന് 100 പേർക്ക് ഇരി ക്കാവുന്ന മറ്റൊരു ഹാൾ, കൗൺസിൽ ഹാൾ, നഗര സഭാദ്ധ്യക്ഷൻ, ഉപാദ്ധ്യക്ഷൻ, സ്ഥിരം സമിതി അദ്ധ്യക്ഷ ന്മാർ, നഗരസഭാ സെക്രട്ടറി, മുനിസിപ്പൽ എൻജിനീയർ തുടങ്ങി വിവിധ വകുപ്പ് മേധാവികൾക്കെല്ലാം പ്രത്യേകം ഓഫീസ് മുറികൾ എന്നിവയും ഉണ്ടാകും. ജനപ്രതിനിധികൾക്ക് അവരുടെ ഓഫീസ് ആവശ്യങ്ങൾ കൈകാര്യംചെയ്യുന്നതിന് മറ്റൊരു ഹാളും കെട്ടിട ത്തിലുണ്ടാകും.

കൂടാതെ നഗരസഭാ ഓഫീസിൽ വിവിധ ഇരിപ്പിട സജ്ജീകരണങ്ങളും ലഭ്യമാക്കുന്നുണ്ട്. നഗരസഭാ അനുബന്ധ സ്ഥാപനമായ കൃഷിഭവൻ, കുടുംബശ്രീ ഓഫീസ് തുടങ്ങിയ വിവിധ ഓഫീസുകളും ഇതേ കെട്ടിടത്തിൽത്തന്നെ പ്രവർത്തിക്കാനും സൗകര്യമുണ്ട്. കഴിഞ്ഞ ഭരണസമിതിയാണ് കാര്യാല യത്തിനായി 75 സെന്റ് 32 ലക്ഷം രൂപയ്ക്ക് നഗരസഭാ ഫണ്ട് ഉപയോഗിച്ച് വാങ്ങിയത്.

കോഴിക്കോട് ജെ.ജെ. അസോസിയേ റ്റ്സാണ് രൂപരേഖ തയ്യാറാക്കിയത്. തൈക്കടപ്പുറത്തെ വി.വി. മനോജനാണ് കരാറേറ്റെടുത്തത്. നഗരസഭയുടെ അനുബന്ധ ആവശ്യങ്ങൾ ഉൾപ്പടെ രണ്ടുനില മതിയാകുമെന്നും ഭാവിയിലെ സാദ്ധ്യതകൾ മുന്നിൽകണ്ടാണ് മൂന്നാം നില പണിതതെന്നും വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി പറഞ്ഞു. നിർദ്ദിഷ്ട കച്ചേരിക്കടവ് പാലം ഈ കെട്ടിടത്തോട് ചേർന്നാണ് വരുന്നത്.