ചെറുവത്തൂർ: നഗരമദ്ധ്യത്തിൽ വാഹന യാത്ര നിയന്ത്രിക്കാനായി നിർമ്മിച്ച ഡിവൈഡർ അപകടത്തിനിടയാകുന്നു. ഡിവൈഡറിന്റെ ആരംഭത്തിൽ തിരിച്ചറിയാൻ സൂചനകളോ റിഫ്ലക്ടറോ ഇല്ലാത്തതാണ് അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നത്. കഴിഞ്ഞ ദിവസം രാത്രി ഒരു കാർ ഡിവൈഡറിൽ കയറി അപകടത്തിൽപ്പെട്ടു.

മൂകാംബികയിലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. എതിർ ഭാഗത്തു നിന്നും വന്ന ലോറി വെട്ടിച്ചതു കാരണം ദുരന്തം ഒഴിവായെന്നും, രാത്രിയായതിനാൽ ഡിവൈഡറിൽ റിഫ്ളക്ടറിന്റെ സാന്നിദ്ധ്യമില്ലാത്തതിനാലും റോഡ് പരിചയമില്ലാത്ത ഡ്രൈവറായതിനാലുമാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു. ദേശീയപാതയിലെ പാക്കനാർ ടാക്കീസ് പരിസരത്തെ ബസ് സ്റ്റാൻഡിലേക്ക് കയറുന്ന ജംഗ്ഷനിൽ നിന്നാണ് ഡിവൈഡർ ആരംഭിക്കുന്നത്. ഏകദേശം 500 മീറ്റർ നീളത്തിൽ കയ്യൂർ ജംഗ്ഷനിലാണ് ഇതവസാനിക്കുന്നത്. നീലേശ്വരം ഭാഗത്തേക്കും കാലിക്കടവ് ഭാഗത്തേക്കും വാഹനങ്ങൾക്ക് സുഗമമായി യാത്ര ചെയ്യാനാണ് ഈ ട്രാഫിക് സംവിധാനം തയ്യാറാക്കിയിട്ടുള്ളത്.

എന്നാൽ രാത്രി കാലങ്ങളിൽ ഡ്രൈവർമാർക്ക് കാണുന്ന വിധത്തിൽ ഒരു സംവിധാനവും ഇവിടെയില്ലെന്നാണ് പരാതി. ഇതിന് മുൻപും ഇവിടെ മോട്ടോർ ബൈക്കടക്കം അപകടത്തിൽപ്പെട്ടിട്ടുണ്ടെന്ന് പരിസരത്തെ വ്യാപാരികൾ പറയുന്നു. മറ്റൊരു അപകടത്തിനായി കാത്തു നിൽക്കാതെ രാത്രിയും പകലും ഡിവൈഡർ തിരിച്ചറിയാനുള്ള സംവിധാനങ്ങൾ ഒരുക്കണമെന്നാണ് വാഹനയാത്രക്കാർ ആവശ്യപ്പെടുന്നത് .