musthafa
കാന്താരി തൈകളുമായി മുസ്തഫ

കാഞ്ഞങ്ങാട്: സ്മാർട്ട് ഫോണില്ലാത്തതിനാൽ പഠനം മുടങ്ങുന്ന അവസ്ഥയിൽ സഹപാഠികളെ സഹായിക്കാൻ കാഞ്ഞങ്ങാട് കടപ്പുറം പി.പി.ടി.എസ് സ്‌കൂളിലെ നാലാംക്ളാസുകാരൻ സുലൈമാൻ മുസ്തഫ കണ്ടെത്തിയ മാർഗം അല്പം എരിവുള്ളതാണ്. വീട്ടിലുണ്ടായിരുന്ന കാന്താരിമുളക് ചെടികൾ ഗ്രോബാഗുകളിലാക്കി സോഷ്യൽമീഡിയ വഴി മുസ്തഫ നടത്തിയ ചാലഞ്ചിലൂടെ പതിനായിരം രൂപ ഇതിനകം സമാഹരിച്ചുകഴിഞ്ഞു.

സ്‌കൂളിലെ അദ്ധ്യാപകർ മൊബൈൽ ഫോൺ ചാലഞ്ച് നടത്താൻ തീരുമാനിച്ചതോടെയാണ് സുലൈമാൻ മുസ്തഫ തന്നാലാവതു ചെയ്യാൻ തീരുമാനിച്ചത്. വിത്ത് നടുന്നത് മുതൽ വിളവെടുപ്പ് നടത്തുന്നത് വരെയുള്ള വീഡിയോ തയ്യാറാക്കി സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെയ്ക്കുകയായിരുന്നു ഈ മിടുക്കൻ. ആവശ്യമുള്ള ആളുകൾക്ക് ഇഷ്ടമുള്ള തുക കൊടുത്ത് ഈ സംരംഭത്തിൽ പങ്കാളിയാകാമെന്ന സന്ദേശത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്.

അദ്ധ്യാപകരും വിദ്യാർത്ഥികളും ഇത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചതോടെ സുലൈമാൻ മുസ്തഫയുടെ ചാലഞ്ച് വിജയിക്കുകയായിരുന്നു. പത്ത് രൂപ വില നിശ്ചയിച്ച കാന്താരി മുളക് ചെടിക്ക് പലരും ഇരുന്നൂറും അഞ്ഞൂറും വാങ്ങി മുളക് ചെടികൾ വാങ്ങി.

മുളക് ചെടികൾ വാങ്ങി പോകുന്നവരോട് അത് വളർത്തിയിരിക്കണം,രണ്ടാഴ്ച കഴിഞ്ഞ് നോക്കാൻ വരുമെന്ന മുന്നറിയിപ്പും കുട്ടി നൽകുന്നുണ്ട്. അഞ്ഞൂറിൽ പരം തൈകളാണ് നിലവിൽ സുലൈമാൻ കൃഷി ചെയ്തുണ്ടാക്കിയിരിക്കുന്നത്. 150 തൈകൾ വിറ്റു പോയി. വ്യത്യസ്ഥമായ കാരുണ്യപ്രവർത്തനത്തിലൂടെ മാതൃകയായ സുലൈമാൻ മുസ്തഫയെ സ്‌കൂൾ മാനേജ്‌മെന്റും അധ്യാപകരും അനുമോദിച്ചു.

ബഹറൈൻ കെ.എം.സി.സി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് മുസ്തഫ അബൂബക്കറിന്റെയും സുമയ്യയുടെയും മകനാണ്. തമീം, ഹിബ എന്നിവർ സഹോദരങ്ങളാണ്.

കൃഷി ചെയ്ത ചെടികൾ സഹപാഠികൾക്കായി വിൽപ്പന നടത്തുന്ന സുലൈമാൻ മുസ്്തഫ