മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം നാളെ
കോളയാട് (കണ്ണൂർ): കോളയാട് കൊമ്മേരിയിലെ ജില്ലാ പഞ്ചായത്തിന്റെ ഫാമിലെ ജോണീസ് ഡിസീസ് ബാധിച്ച 34 ആടുകളെ കൊല്ലാനുള്ള മൃഗസംരക്ഷണവകുപ്പ് ഡയറക്ടറുടെ നിർദ്ദേശം മന്ത്രി ഇടപെട്ട് തിരുത്തി. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അടിയന്തര നടപടികൾക്ക് നിർദ്ദേശം നൽകി. ഇതേകുറിച്ച് ആലോചിക്കുന്നതിനായി നാളെ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു ചേർത്തതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പറഞ്ഞു.
ആകെ 80 ആടുകളാണ് ഫാമിൽ. ഇതിൽ ഒരു മുട്ടനാടിനും 33 പെണ്ണാടിനുമാണ് രോഗം വന്നത്. കഴുത്തിൽ ചുവന്ന റിബൺ കെട്ടി ഇവയെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ജില്ലാ രോഗ നിയന്ത്രണ ഓഫീസർ കഴിഞ്ഞമാസം 14ന് ആടുകളുടെ രക്തം പരിശോധിച്ചിരുന്നു. രോഗം കണ്ടതിനെത്തുടർന്ന് 22ന് വീണ്ടും പരിശോധിച്ചു. അതിലും സ്ഥിരീകരിച്ചതിനെത്തുടർന്നാണ് കൊല്ലാൻ നിർദ്ദേശം നല്കിയത്. ജോണീസ് രോഗം ബാധിച്ച 20ലധികം ആടുകളെ കഴിഞ്ഞവർഷം കൊന്നൊടുക്കിയിരുന്നു. വിഷം കുത്തിവച്ച് കൊന്ന് ആഴത്തിൽ കുഴിച്ചുമൂടുകയായിരുന്നു.
ജോണീസ് ഡിസീസ്
ആട്, ചെമ്മരിയാട്, പശു, എരുമ തുടങ്ങിയ മൃഗങ്ങളെ ബാധിക്കുന്ന ഒരു രോഗമാണ് ജോണീസ് രോഗം അഥവാ പാരാ ട്യൂബർകുലോസിസ്. മൈക്കോബാക്ടീരിയം പാരാ ട്യൂബർകുലോസിസ് എന്ന ബാക്ടീരിയയാണ് രോഗകാരി. തീറ്റ, വെള്ളം, മേച്ചിൽപ്പുറം, പാൽ, ബീജം എന്നിവയിലൂടെ രോഗം പകരാം. ഗർഭസ്ഥ ശിശുവിലേക്ക് രോഗം പകരുമെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ ബാക്ടീരിയയെ നശിപ്പിക്കുക അത്ര എളുപ്പമല്ല. യു.വി. റേഡിയേഷൻ, പാസ്ചുറൈസേഷൻ, ബ്ലീച്ചിംഗ് പൗഡർ എന്നിവയെ അണു അതിജീവിക്കും. എത്ര കൊന്നാലും ആ സ്ഥലത്ത് വളർത്തുന്നവയ്ക്ക് വീണ്ടും രോഗം പിടിപെടാം. പാലിലൂടെ മനുഷ്യരിലേക്കും രോഗം പകരാം.
പ്രതിരോധിക്കാം.. മരുന്നും വാക്സിനുമുണ്ട്
ജോണീസ് ഡിസീസ് ബാധിച്ച ആടുകളെ കൊന്നതു കൊണ്ടൊന്നും ഈ രോഗത്തെ നിയന്ത്രിക്കാൻ കഴിയില്ലെന്ന തിരിച്ചറിവാണ് വാക്സിൻ കണ്ടെത്താൻ പ്രേരിപ്പിച്ചത്. 2008 മഥുരയിലെ കേന്ദ്ര ആട് ഗവേഷണ കേന്ദ്രം വാക്സിൻ ഉൽപാദിപ്പിക്കാനുള്ള ഗവേഷണം ആരംഭിച്ചു. ഈ ഫാമിൽ രോഗം പിടിപ്പെട്ടപ്പോൾ ഈ വാക്സിൻ ഉപയോഗിച്ച് മൃഗങ്ങളെ രക്ഷപ്പെടുത്തിയത് വാർത്തയായി. 2013 ൽ ഇന്ത്യൻ വെറ്ററിനറി ഇൻസ്റ്റിറ്റൂട്ടിന്റെ അംഗീകാരവും 2014ൽ ഡ്രഗ് കൺട്രോളരുടെ അനുമതിയും വാക്സിന് ലഭിച്ചു. വാക്സിന്റെ കണ്ടുപിടുത്തത്തിന് നാഷണൽ ഇന്നോവേഷൻ അവാർഡ് ലഭിക്കുകയുണ്ടായി. ആടുകളിൽ ഒരു മില്ലി തൊലിക്കടിയിൽ കുത്തിവെച്ചാൽ മതിയാകും. വലിയ മൃഗങ്ങൾക്ക് മൂന്ന് വർഷത്തിനു ശേഷം വീണ്ടും എടുക്കണം.
വാക്സിൻ ഫലപ്രദം
ജോണീസ് ഡിസീസ് വരാതിരിക്കാനും വന്നതിനെ ചികിത്സിക്കാനും വാക്സിൻ ഉപയോഗിക്കാം. മൂന്ന് മാസം പ്രായമായ എല്ലാ മൃഗങ്ങൾക്കും ഒറ്റത്തവണ വാക്സിൻ എടുക്കാം. ജീവിതകാലം മുഴുവൻ പ്രതിരോധ ശേഷി ലഭിക്കും.
ഡോ. പി.വി. മോഹനൻ
മുൻ അസി. ഡയറക്ടർ, മൃഗസംരക്ഷണ വകുപ്പ്
കൊല്ലരുത്
രോഗം ബാധിച്ച ആടുകളെ കൊല്ലുന്നത് ശരിയായ നടപടിയല്ല. അവയെ രക്ഷിക്കാനും പ്രതിരോധം ശക്തിപ്പെടുത്താനും ആവശ്യമായ നടപടി സ്വീകരിക്കും. അതിനുള്ള ചർച്ചകൾ നടന്നുവരികയാണ്.
പി.പി. ദിവ്യ
പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത്