babu
ബാബു തന്റെ ചായക്കടയിൽ

തലശ്ശേരി: ഡീസലിന്റേയോ, പാചകവാതകത്തിന്റേയോ തീപിടിച്ച വിലയൊന്നും കഴകപ്പുരയിൽ ബാബുവിനെ അലട്ടുന്നില്ല. മാറിയ കാലത്തും മാറാത്ത രുചിക്കൂട്ടുമായി ഈ ചായക്കാരൻ, പുകച്ചുരുളുകൾക്കിടയിൽ നമുക്കൊപ്പമുണ്ട്. തൊണ്ണൂറ് വർഷമായി ചൊക്ലി-പെരിങ്ങത്തൂർ റോഡിൽ ഈ നന്മയുണ്ട്. മേനപ്രം ബസാറിൽ അച്ഛൻ ശങ്കരന്റെ കാലം തൊട്ടേയുള്ള ഈ ചായക്കടയിലെ പതിവ് രീതികളൊന്നും ഇന്നേവരെ തെറ്റിയിട്ടില്ല. ഇപ്പോഴും മടലും, ചിരട്ടയും, വിറകും കത്തിച്ചുള്ള പുകഅടുപ്പിലാണ് ചായ കാച്ചുന്നത്.
ദശകങ്ങൾക്ക് മുമ്പ് കാപ്പിയും കപ്പയുമായിരുന്നു ഇവിടുത്തെ പ്രധാന വിഭവങ്ങൾ. മലയോര പ്രദേശങ്ങളിൽ നിന്ന് നേന്ത്രക്കുല കാവുകളുമായി വരുന്നവരുടേയും, തലച്ചുമടായി മടലും, ചിരട്ടയും, ഓലയുമായി വരുന്ന സ്ത്രീ തൊഴിലാളികളുടേയും ഇടത്താവളമായിരുന്നു ഈ ചായക്കട. ഇവിടെ നിന്ന് സ്‌ട്രോംഗ് ചായ കഴിച്ചാൽ, ഏത് കഠിനമായ ജോലി ചെയ്യുന്നവർക്കും പ്രത്യേക ഊർജ്ജം തന്നെ ലഭിക്കുമത്രെ. അക്കാലത്തെ ഈ പ്രദേശത്തെ ഏക ചായക്കടയായിരുന്നു ഇത്.
വെല്ലക്കാപ്പിക്ക് പ്രിയം കുറഞ്ഞതോടെ, പിന്നീടത് പൊടി ചായയിലേക്ക് മാറി. ബാബുവിന്റെ പൊടി ചായക്കൊപ്പം, ആവി പറക്കുന്ന പുട്ടും പപ്പടവും ചെറുപഴവും കൂട്ടിക്കുഴച്ച് കഴിക്കാൻ സ്ഥിരം കസ്റ്റമേഴ്സ് തന്നെ ഉണ്ട്. ചുറ്റിലും അടിപൊളി ഫാസ്റ്റ്ഫുഡ് കടകൾ നിരന്നപ്പോഴും, തൊട്ടടുത്തവർക്ക് പോലും രാവിലെ ബാബുവിന്റെ ചായ തന്നെ വേണം.

തിരക്കേറിയ മേനപ്രം ബസാറിലെ ഈ നാടൻ ചായക്കടയിലെ ബെഞ്ചിലിരുന്ന് ചായ കുടിക്കാതെ പ്രദേശത്തെ മിക്കവർക്കും തൃപ്തിയാവില്ല. ന്യൂജെൻ പിള്ളേർക്കും ബാബുവേട്ടന്റെ പൊടിച്ചായ ഹരമാണ്. വാഹനങ്ങളിൽ കടന്നുപോകുന്ന പരിചിതർക്കും ഇവിടെയെത്തിയാൽ ഒരു ചായ ബ്രേക്കുണ്ട്. മകൾ മേഘ ബി.ടെക്, മകൻ വിനീത് ബി.എസ്.സി ബിരുദധാരികളാണ്.