runway

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിനായി കാനാട്, കോളിപ്പാലം, നല്ലാണി ഭാഗത്ത് സ്ഥലമേറ്റെടുപ്പിനുള്ള നടപടികൾ വൈകുന്നു. നഷ്ടപരിഹാരം ലഭിക്കാനുള്ള ഭൂവുടമകൾ ഇതുമൂലം ദുരിതത്തിലായി. എന്നാൽ കൊതേരി, എളമ്പാറ ഭാഗങ്ങളിൽ ഭൂമി ഏറ്റെടുത്ത് നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടി അന്തിമ ഘട്ടത്തിലെത്തിയിട്ടുണ്ട്. കാനാട് ഭാഗത്ത് ഭൂമിയുടെ വില നിർണയം ഉൾപ്പെടെ നടത്താനുണ്ട്. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള സർവേ നേരത്തെ പൂർത്തിയായിരുന്നു.

വിമാനത്താവള പ്രദേശത്ത് നിന്നും വെള്ളം കുത്തിയൊഴുകി നാശനഷ്ടമുണ്ടായ വീടുകളും ഏറ്റെടുത്ത് നഷ്ട പരിഹാരം നൽകാനുണ്ട്. നാലു വർഷം മുമ്പാണ് വെള്ളവും ചെളിയും ഒഴുകിയെത്തി ആറു വീടുകൾ ഭാഗികമായി തകർന്നത്. വീടുകൾ വാസയോഗ്യമല്ലാതായതോടെ ഇവർക്ക് മാറിത്താമസിക്കാൻ വാടക കിയാൽ നൽകണമെന്ന് ധാരണയായെങ്കിലും ഏതാനും മാസങ്ങൾ മാത്രമാണ് വാടക ലഭിച്ചത്. 75 മീറ്ററോളം മണ്ണിട്ട് ഉയർത്തിയ റൺവേക്ക് സമീപം താമസം സാദ്ധ്യമാകാത്തതിനാൽ ഈ സ്ഥലം കൂടി ഏറ്റെടുക്കണമെന്ന് ആവശ്യമുന്നയിച്ചിരുന്നു.

സ്ഥലമേറ്റെടുപ്പിന് നടപടി വേണമെന്നാവശ്യപ്പെട്ട് കാനാട്, കല്ലേരിക്കര ഭാഗങ്ങളിലുള്ളവർ കെ.കെ.ശൈലജ എം.എൽ.എയ്ക്ക് നിവേദനം നൽകിയിട്ടുണ്ട്. വിമാനത്താവളത്തിന്റെ അപ്രോച്ച് ലൈറ്റ് സ്ഥാപിക്കുന്നതിനാണ് കല്ലേരിക്കര, പാറാപ്പൊയിൽ ഭാഗത്ത് സ്ഥലമേറ്റെടുക്കേണ്ടത്. ഏറെ നാളത്തെ കാത്തിരിപ്പിനും പ്രതിഷേധങ്ങൾക്കും ശേഷമാണ് കൊതേരി ഭാഗത്ത് സ്ഥലമേറ്റെടുത്ത് നഷ്ടപരിഹാരം നൽകുന്നതിന് നടപടിയായത്. കേരള ബാങ്കിൽ നിന്ന് നഷ്ടപരിഹാരത്തിന് വേണ്ട തുക വായ്പയായി ലഭ്യമാക്കാനാണ് തീരുമാനിച്ചത്. മറ്റിടങ്ങളിലും സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കി നഷ്ട പരിഹാരം ലഭ്യമാക്കണമെന്നാണ് ഭൂവുടമകളുടെ ആവശ്യം.

റൺവേ വികസനം 4000 മീറ്റർ

ഏറ്റെടുക്കേണ്ടത് 275 ഏക്കർ