പഴയങ്ങാടി: മഴ കനത്തതോടെ മാടായി പഞ്ചായത്തിലെ 13,10 വാർഡുകളിലൂടെ കടന്നുപോകുന്ന കോഴിബസാർ -സൈദാർപള്ളി റോഡിൽ വെള്ളക്കെട്ട് രൂക്ഷമായതിനെ തുടർന്ന് റോഡ് തകർന്ന് ചെളിക്കുളമായി മാറി. ഇരുചക്ര വാഹനങ്ങളും കാൽനട യാത്രക്കാരുമാണ് വെള്ളക്കെട്ട് കാരണം കൂടുതൽ ദുരിതത്തിലായത്.
പലയിടങ്ങളിലും ഓവുചാൽ ഇല്ലാത്തതാണ് വെള്ളക്കെട്ടിന് കാരണം. റോഡിന്റെ ഇരുവശവും വീട്ട് മതിലുകൾ ഉള്ളതിനാൽ മഴവെള്ളം ഒഴുകി പോകാതെ റോഡിൽ തന്നെ കിടക്കുകയാണ്. ചിലയിടങ്ങളിൽ ഒരു ഭാഗത്ത് നിർമ്മിച്ച ഓവുചാൽ മാലിന്യം കൊണ്ട് മൂടിയതിനാൽ മഴവെള്ളം ഒലിച്ച് പോകാത്തതാണ് വെള്ളക്കെട്ടിന് മറ്റൊരു കാരണം.
പഞ്ചായത്തിന്റെ പൂർവ്വമഴക്കാല ശുചീകരണ പ്രവൃത്തി നടക്കാത്തത് കൊണ്ടാണ് ഓവ്ചാലിൽ മാലിന്യം കെട്ടിക്കിടക്കുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്. നിരവധി വാഹനങ്ങളാണ് നിത്യവും ഇതുവഴി കടന്ന് പോകുന്നത്.
കോൺക്രീറ്റ് കൊണ്ടൊന്നും കാര്യമില്ല
റോഡിൽ ചില ഭാഗങ്ങളിൽ അശാസ്ത്രീയമായ രീതിയിൽ കോൺക്രീറ്റ് പ്രവൃത്തി നടത്തിയതും പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. കോഴിബസാറിൽ നിന്ന് വാടിക്കൽക്കടവ് റോഡിലേക്കും പഴയങ്ങാടിയിലേക്കും എളുപ്പം എത്തി ചേരാൻ കഴിയുന്ന റോഡ് ആണ് തകർന്ന് ചെളിക്കുളമായിരിക്കുന്നത്.