മാഹി: മാഹി ഉൾപ്പടെ പുതുച്ചേരി സംസ്ഥാനത്തെ സ്‌കൂൾ/ കോളേജുകൾ 16ന് തുറക്കാനിരിക്കെ, യാത്രാ സൗകര്യം ഉറപ്പാക്കണമെന്ന് ജനശബ്ദം മാഹി ജനറൽ സെക്രട്ടറി ഇ.കെ. റഫീഖ് പുതുച്ചേരി ഗതാഗത വകുപ്പ് അധികൃതരോടും, മാഹി എം.എൽ.എ രമേശ് പറമ്പത്തിനോടും ആവശ്യപ്പെട്ടു. മാഹി പുതുച്ചേരി ബസ് സർവ്വീസ് മുടങ്ങിക്കിടപ്പാണ്. മയ്യഴിയിലെ ഉൾനാടൻ ഗ്രാമങ്ങളിലൂടെ സർവീസ് നടത്തുന്ന സഹകരണ ബസുകൾ ഒന്നും ഓടുന്നില്ല. പി.ആർ.ടി.സി.യുടേയും സ്ഥിതി ഇതുതന്നെ. പി.ആർ.ടി.സി.യുടെ നാല് ബസുകളിൽ രണ്ടെണ്ണം 15 വർഷം പിന്നിട്ടവയാണ്. മറ്റ് രണ്ടെണ്ണം മൂന്ന് മാസം കൊണ്ട് 15 വർഷം കഴിയുകയും ചെയ്യും. മതിയായ സുരക്ഷാ മാനദണ്ഡങ്ങളോടെ യാത്രാക്ലേശം ഉടൻ പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾക്കുള്ള വാക്സിനേഷൻ നടപടികൾ ഉടൻ പൂർത്തീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.