തളിപ്പറമ്പ്: ഓണത്തെ വരവേൽക്കാൻ 8 ഏക്കറിൽ വിഷരഹിത പച്ചക്കറി ഒരുക്കി ഒരു ഗ്രാമം. 32 പേർ ചേർന്ന് രൂപീകരിച്ച ഒരുമ പച്ചക്കറി ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് ഓണവിഭവത്തിനുള്ള പച്ചക്കറി ഒരുങ്ങുന്നത് കൂവോട് ഇല്ലംപറമ്പിലെ എട്ട് ഏക്കറിലാണ് കൃഷി പുരോഗമിക്കുന്നത്.

വർഷങ്ങളായി തരിശിട്ട ഇല്ലംപറമ്പിൽ 2016ലാണ് ജൈവ പച്ചക്കറി കൃഷി തുടങ്ങിയത്. നാട്ടുകാരുടെയും കൃഷി വകുപ്പിന്റെയും ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും വലിയ രീതിയിലുളള സഹകരണം ഇതിനുണ്ടായിരുന്നു. തുടർന്നുള്ള വർഷങ്ങളിലും വിജയകരമായി ചെയ്ത പച്ചക്കറി കൃഷി ഇത്തവണ അഞ്ച് ചെറു ഗ്രൂപ്പുകളായാണ് നടത്തുന്നത്. വെണ്ട, കക്കിരി, കൈപ്പ, വെള്ളരി, പയർ, പച്ചമുളക്, താലോലി, കപ്പ, ഇളവൻ, മത്തൻ, ചിരങ്ങ തുടങ്ങിയ ഇനങ്ങളാണ് കൃഷിചെയ്യുന്നത്.

ഒരുകാലത്ത് മഴയെ ആശ്രയിച്ച് ഓണവിപണി ലക്ഷ്യമിട്ട് നടത്തുന്ന പറമ്പൻ കൃഷിക്ക് പേരുകേട്ട സ്ഥലമായിരുന്നു കൂവോട്. ഇവിടെ നിന്നുള്ള കക്കിരിക്ക് തളിപ്പറമ്പിലും സമീപത്തുമുള്ള മാർക്കറ്റുകളിൽ വലിയ ആവശ്യക്കാറുണ്ടായിരുന്നു. വിഷു കഴിഞ്ഞ് ചെറുമഴ ലഭിക്കുന്നതോടെ പൂത്താട കൃഷിയും നല്ല മഴ ലഭിക്കുന്നതോടെ പച്ചക്കറി കൃഷിയും തുടങ്ങിയാൽ ഓണം വരെ സജീവമായിരുന്നു കൂവോടിന്റെ കാർഷിക രംഗം. കുട്ടകുന്ന് പറമ്പ്, കണിയാൻകെട്ട്, നെരോത്ത് പറമ്പ് എന്നിവിടങ്ങളിലായി നോക്കെത്താ ദൂരത്തോളം വ്യാപിച്ചു കിടന്നിരുന്ന പറമ്പൻ കൃഷി കാലക്രമേണ പേരിനു മാത്രമായി. കൃഷി സ്ഥലമെല്ലാം മരങ്ങൾ വളർന്നും വീടുകൾ നിർമ്മിച്ചും ശോഷിച്ചു പോയെങ്കിലും സർക്കാറിന്റെയും കൃഷി വകുപ്പിന്റെയും ഭാഗത്തു നിന്നുള്ള പ്രോത്സാഹനമാണ് ശേഷിക്കുന്ന സ്ഥലങ്ങളിൽ ജൈവ പച്ചക്കറി കൃഷി തുടങ്ങാൻ ചെ റു ഗ്രൂപ്പുകൾ അടങ്ങുന്ന സംഘത്തിന് പ്രചോദനമാകുന്നത്.