തൃക്കരിപ്പൂർ: ഇന്ത്യൻ താരങ്ങളടക്കം നിരവധി ഫുട്ബാൾ പ്രതിഭകളുടെ വളർച്ചക്ക് സാക്ഷിയായ തൃക്കരിപ്പൂർ മിനി സ്റ്റേഡിയം നവീകരണത്തിന്റെ പാതയിൽ. വാഹനങ്ങൾ കയറിയിറങ്ങിയും കാടുകയറിയും സ്വാഭാവികത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ മൈതാനം സംരക്ഷിക്കണമെന്ന ആവശ്യം ഉയർന്നു വരുന്നതിനിടയിലാണ് തൃക്കരിപ്പൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കീഴിലുള്ള ഈ സ്റ്റേഡിയം നവീകരിക്കാനുള്ള ശ്രമം നടക്കുന്നത്.

മൈതാനത്തിലെ വൻമരങ്ങൾ മുറിച്ചുമാറ്റി ഫെൻസിംഗ് ഒരുക്കുകയാണ് പ്രാരംഭ ഘട്ടമെന്ന നിലയിൽ ചെയ്യുന്നത്. മൈതാനത്തിന്റെ തെക്ക്- വടക്ക് അതിരുകളിൽ നിരവധി വന്മരങ്ങൾ പടർന്ന് പന്തലിച്ചു നിൽക്കുന്നുണ്ട്. ഇവ മുറിച്ചു മാറ്റാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. വനംവകുപ്പിന്റെ അനുമതി ലഭിച്ചതോടെ മരങ്ങൾ മുറിക്കാൻ സ്കൂൾ അധികൃതർ സ്വകാര്യ വ്യക്തികളെ ക്ഷണിച്ചിരിക്കുകയാണ്. ഈ പ്രവൃത്തി പൂർത്തിയായ ശേഷം മൈതാനത്തിന് ഫെൻസിംഗ് ഒരുക്കും. ആദ്യ ഘട്ടമെന്ന നിലയിൽ സ്റ്റേഡിയത്തിന്റെ പടിഞ്ഞാറു ഭാഗത്തെ ഏകദേശം നൂറു മീറ്ററിലേറെയുള്ള ഭാഗം 5 മീറ്ററോളം ഉയരത്തിൽ ഫെൻസിംഗ് ചെയ്യും. ജില്ലാ പഞ്ചായത്ത് ഇതിനായി 5 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. സമീപ ഭാവിയിൽത്തന്നെ തെക്ക് -വടക്ക് ഭാഗങ്ങളിലുള്ള ഫെൻസിംഗ് ഉയർത്തി സമീപത്തെ വ്യാപാരികളുടെ സുരക്ഷ ഉറപ്പാക്കും. കൊവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കിയാൽ വർഷത്തിൽ സ്ഥിരമായി ഒന്നോ രണ്ടോ ഫുട്ബാൾ ടൂർണ്ണമെന്റുകൾ സംഘടിപ്പിക്കുന്ന മൈതാനമാണ് ഈ മിനി സ്റ്റേഡിയം.

നടക്കാവിലുള്ള സിന്തറ്റിക് സ്റ്റേഡിയം വരുന്നതിന് മുൻപ് ഫുട്ബാളടക്കം എല്ലാവിധ കായികപരിശീലനവും വിവിധ കായിക മേളകളും ഈ സ്റ്റേഡിയത്തിലാണ് നടന്നിരുന്നത്.

പൊതുയോഗങ്ങൾ

പരിക്കേൽപ്പിച്ചു

രാഷ്ട്രീയ പാർട്ടികളുടേതടക്കം മറ്റു പരിപാടികൾക്ക് ഉപയോഗിച്ച് കുണ്ടും കുഴിയും രൂപപ്പെട്ടും മഴക്കാലത്ത് വെള്ളക്കെട്ട് രൂപപ്പെട്ടും, പരിരക്ഷയും പരിപാലനവും ഇല്ലാതെ ഈ ഗ്രൗണ്ട് നശിച്ചു കൊണ്ടിരിക്കുകയാണ്. ജില്ലാ പഞ്ചായത്ത് മെമ്പറും, ഫുട്ബാൾ താരവുമായ എം. മനുവിന്റെ നേതൃത്വത്തിൽ ഒരു പറ്റം കായിക പ്രേമികൾ ഈ കളി മൈതാനത്തെ നവീകരിച്ച് മികച്ചൊരു സ്റ്റേഡിയമാക്കാനുള്ള പ്രവർത്തനത്തിലാണ്.

തൃക്കരിപ്പൂർ നഗരപരിധിക്കുള്ളിൽ ഒരു കാലത്ത് നിരവധി കളി മൈതാനങ്ങൾ ഉണ്ടായിരുന്നു. പല കാരണങ്ങൾ കൊണ്ട് അവയൊക്കെ ഇല്ലാതായി. അവശേഷിക്കുന്ന മൈതാനമാണ് മിനി സ്റ്റേഡിയം. പുതിയ തലമുറക്കായി ഇതിനെ സംരക്ഷിച്ച് നവീകരിക്കേണ്ടത് അനിവാര്യമാണ്.

കായിക പ്രേമികൾ

സുരേഷിന്റെയും റാഫിയുടെയും പിൻഗാമികളായ താരങ്ങൾക്ക് ഉപയോഗപ്രദമാകുന്ന വിധത്തിൽ ഈ മിനി സ്റ്റേഡിയം ഒരു പുൽമൈതാനമാക്കാനുള്ള ശ്രമമുണ്ട്. ഘട്ടംഘട്ടമായി നവീകരിച്ച് മികവുറ്റ സ്റ്റേഡിയമാക്കി മാറ്റാൻ കഴിയുമെന്ന പ്രതീക്ഷയാണുള്ളത്.

എം. മനു, ജില്ലാ പഞ്ചായത്ത് മെമ്പർ