കാസർകോട്: നീന്തൽ പരിശീലനത്തിന് ആവശ്യമായ സൗകര്യങ്ങളുടെ അഭാവം പരിഹരിക്കാൻ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ജില്ലാ അക്വാട്ടിക് കോംപ്ലക്സിന്റേയും സ്വിമ്മിംഗ് പൂളിന്റേയും നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഓൺലൈനായി നിർവഹിച്ചു. കാസർകോടിന്റെ വികസന സ്വപ്നങ്ങൾക്ക് നിറം നൽകുന്ന പദ്ധതിക്കാണ് തുടക്കമിടുന്നതെന്നും കൊവിഡ് കാലത്ത് മാനസികോല്ലാസം തീരെയില്ലാത്ത യുവാക്കൾക്കും കുട്ടികൾക്കും കായികോല്ലാസത്തിനായി പദ്ധതി ഉപകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കാസർകോട് പട്ടണത്തിൽ നീന്തൽക്കുളം യാഥാർത്ഥ്യമാകുന്നതോടെ സാധാരണക്കാർക്കും നീന്തൽ പരിശീലനം സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിൽ എൻ.എ നെല്ലിക്കുന്ന് എം.എൽ.എ അദ്ധ്യക്ഷനായി. കാസർകോടിന്റെ കായിക മേഖലയിൽ നീന്തൽ കുളത്തിന് വലിയ മാറ്റം വരുത്താൻ സാധിക്കുമെന്നും ജില്ലയിൽ കുഞ്ഞുങ്ങൾക്കിടയിൽ മുങ്ങിമരണങ്ങൾ തടയാൻ സാധിക്കുമെന്നും എം.എൽ.എ പറഞ്ഞു.
എച്ച്.എ.എൽ ഹൈദരാബാദ് ജനറൽ മാനേജർ അരുൺ ജെ. സർക്കേറ്റ് മുഖ്യാതിഥിയായി. കാസർകോട് നഗരസഭ ചെയർമാൻ അഡ്വ. വി.എം. മുനീർ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അബ്ബാസ് ബീഗം, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജില്ലാ അക്വാട്ടിക് അസോസിയേഷൻ സെക്രട്ടറി എം.ടി.പി ശിഹാബുദ്ദീൻ, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി എം.എസ് സുധീപ് ബോസ് തുടങ്ങിയവർ സംസാരിച്ചു.
ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു സ്വാഗതവും ഫിനാൻസ് ഓഫീസർ കെ. സതീശൻ നന്ദിയും പറഞ്ഞു. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽസിന്റെ സാമൂഹ്യ പ്രതിബദ്ധത നിധിയിൽ നിന്നും പ്രൊജക്ടിനായി മൂന്ന് വർഷങ്ങളിലായി 50 ലക്ഷം രൂപ വീതം ഒന്നര കോടി രൂപയുടെ അനുമതി നൽകി. ജില്ലാ നിർമ്മിതി കേന്ദ്രത്തിനാണ് പദ്ധതി നിർവഹണ ചുമതല. 25 മീറ്റർ ആണ് നീന്തൽക്കുളത്തിന്റെ വലിപ്പം. വിദ്യാനഗർ മുനിസിപ്പൽ സ്റ്റേഡിയത്തിന് സമീപം സെമി ഒളിമ്പിക് സ്വിമ്മിങ് പൂൾ, പ്രവേശന കെട്ടിടം, പ്ലാന്റ് റൂം, ബാലൻസിംഗ് റൂം, ചുറ്റുമതിൽ, പവലിയൻ എന്നിവയാണ് പദ്ധതിയിലുള്ളത്.
കളക്ടർ ഡോ. ഡി സജിത് ബാബുവിന്റെ ജില്ലയിലെ
അവസാന ഔദ്യോഗിക പരിപാടി
ജില്ലയിൽ നിന്ന് യാത്രയാകുന്ന ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബുവിന്റെ കാസർകോട്ടെ അവസാനത്തെ ഔദ്യോഗിക പരിപാടിയായി ആദ്യത്തെ പൊതുനീന്തൽ പരിശീലന കുളത്തിന്റെ തറക്കല്ലിടൽ ചടങ്ങ്. മുങ്ങിമരണങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ജില്ലയിലെ കുട്ടികൾക്ക് നീന്തൽ പരിശീലനം വളരെ ആവശ്യമാണെന്നും സ്‌കൂൾ തലം മുതൽ വിവിധ പരിപാടികൾ സംഘടിപ്പിച്ച് നീന്തൽ കഴിവുകൾ വളർത്തേണ്ടതുണ്ടെന്നും കളക്ടർ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു. പദ്ധതിക്കായി സാമൂഹ്യ പ്രതിബദ്ധതാ ഫണ്ട് നൽകിയ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്കൽസിന് കളക്ടർ നന്ദി അറിയിച്ചു.