തലശ്ശേരി: ധർമ്മടം പൊലീസ് സ്റ്റേഷൻ വളവിൽ വാഹന അപകടങ്ങൾ ഭീതി വിതക്കുന്നു. ചെറുതും വലുതുമായ നാല് അപകടങ്ങളാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കകം നടന്നത്. ജീവാപായങ്ങൾ സംഭവിച്ചില്ലെന്നത് മാത്രമാണ് ആശ്വാസം. ഏറ്റവും ഒടുവിൽ ഞായറാഴ്ച പാതിരാത്രിയിലാണ് എതിർദിശകളിൽ നിന്നും അമിതവേഗതയിൽ ഓടി എത്തിയ രണ്ട് ലോറികൾ നേർക്കുനേർ കൂട്ടിയിടിച്ചത്. രണ്ടിന്റെയും കേബിൻ ഭാഗങ്ങൾ തകർന്നിരുന്നു.
വർഷങ്ങളായി ഇവിടെ വാഹന അപകടങ്ങൾ പതിവാണ്. പത്ത് വർഷം മുൻപ് ഇതേ സ്ഥലത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ ദാരുണമായി മരണപ്പെട്ടിരുന്നു. അന്ന് സ്ഥലത്തെത്തിയിരുന്ന അന്നത്തെ പൊതുമരാമത്ത് മന്ത്രി എം. വിജയകുമാർ പൊലീസ് സ്റ്റേഷൻ വളവ് അടിയന്തരമായി നേരെയാക്കാൻ ഉദ്യോഗസ്ഥർക്ക് നൽകിയ നിർദ്ദേശം ഇപ്പോഴും ഫയലിൽ ഉറങ്ങുകയാണ്.
അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രഭാകരൻ മുൻകൈയെടുത്ത് ഇവിടെ റോഡരിക് വീതി കൂട്ടിയത് മാത്രം ആശ്വാസം. ഏത് പാതിരാത്രിയിലും സാധാരണക്കാർ സുരക്ഷയ്ക്കായി ഓടിയെത്തുന്ന ഇടമാണ് പൊലീസ് സ്റ്റേഷൻ. സ്റ്റേഷൻ പരിസരമാകെ കൂരിരുട്ടാണ്. വാഹനങ്ങൾ കൂട്ടിയിടിക്കാൻ ഇതും ഒരു കാരണമാണ്. പാതയോരത്തെ പൊലീസ് സ്റ്റേഷനരികിൽ ഒരു തെരുവ് വിളക്കെങ്കിലും സ്ഥാപിക്കണമെന്നുള്ള അപേക്ഷ ഇന്നും കെ.എസ്.ഇ.ബി.പരിഗണിച്ചിട്ടില്ല. അപകട സൂചകങ്ങളും ഇവിടെയില്ല. നിയന്ത്രണം വിട്ടോടുന്ന വാഹനങ്ങൾ ഇടിച്ച് തകർന്ന പൊലീസ് സ്റ്റേഷൻ മതിൽ അപകടങ്ങളുടെ മുന്നറിയിപ്പ് നൽകുന്നുണ്ടെന്ന് മാത്രം.