കാസർകോട്: കാസർകോടിന്റെ ടൂറിസം സാദ്ധ്യതകൾ ലോകത്തിന് മുന്നിലേക്ക് കൊണ്ടുവരാനാണ് 'ലിറ്റിൽ ഇന്ത്യ കാസർകോട്' ടൂറിസം പദ്ധതി നടപ്പിലാക്കുന്നതെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ നേതൃത്വത്തിലുള്ള 'ലിറ്റിൽ ഇന്ത്യ കാസർകോട്' ടൂറിസം പദ്ധതി ബേക്കൽ ലളിത് റിസോർട്ടിൽ നടന്ന ചടങ്ങിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കാസർകോടിന്റെ തനതായ പ്രകൃതി സൗന്ദര്യവും ചരിത്രവും സംസ്‌കാരവും ഇഴ ചേർന്ന രീതിയിൽ പ്രാദേശിക ജനതയെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ടൂറിസം വികസനമാണ് ഉദ്ദേശിക്കുന്നത്. ആകർഷകമായ ടൂറിസം കേന്ദ്രങ്ങളെ അത്യാകർഷകമാക്കാൻ നമുക്ക് സാധിക്കും. കാസർകോടിനെ ദേശീയ, അന്തർദേശീയ ടൂറിസം കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ സി.എച്ച് കുഞ്ഞമ്പു എം.എൽ.എ അദ്ധ്യക്ഷനായി. രാജ്മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായി. എം.എൽ.എമാരായ എം. രാജഗോപാലൻ, എ.കെ.എം അഷ്റഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, കാസർകോട് നഗരസഭാ ചെയർമാൻ അഡ്വ. വി.എം. മുനീർ, കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്‌സൻ കെ.വി സുജാത, ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി, പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം. കുമാരൻ, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ തോമസ് ആന്റണി സംസാരിച്ചു. ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു സ്വാഗതവും ഡി.ടി.പി.സി സെക്രട്ടറി ബിജുരാഘവൻ നന്ദിയും പറഞ്ഞു.