vairajathan
വൈരജാതൻ ചിട്ടിയുടെ പണം ഉപയോഗിച്ച് പുതുക്കൈ വൈനിങ്ങാലിൽ നിർമ്മിച്ച വൈരജാതൻ ക്ഷേത്രം നാശോന്മുഖമായ രീതിയിൽ

നീലേശ്വരം: പത്തുവർഷം മുമ്പ് കാസർകോട്, കണ്ണൂർ ജില്ലകളിലായി ആയിരക്കണക്കിന് ഇടപാടുകാരിൽ നിന്ന് കോടികൾ സമാഹരിച്ച് കബളിപ്പിച്ച വൈരജാതൻ ചിട്ടിയുടെ മാനേജർക്കും കുടുംബത്തിനും എറണാകുളത്ത് കോടികൾ നിക്ഷേപമുണ്ടെന്ന് വെളിപ്പെടുത്തി റിട്ട. എസ്.ഐയ്ക്ക് കത്ത്. എറണാകുളത്തെ പ്രമുഖ ബാങ്കിലും സ്വകാര്യ സ്ഥാപനത്തിലും ഇയാൾ കോടികൾ നിക്ഷേപിച്ചിട്ടുണ്ടെന്ന് കാട്ടിയാണ് നീലേശ്വരം മന്നൻപുറത്ത് കാവ് പൂജാരിയും റിട്ട.എസ്.ഐയുമായ നാരായണ പിടാരറുടെ പേരിൽ കത്ത് ലഭിച്ചത്.

ചിട്ടിയിൽ പണം നഷ്ടപ്പെട്ട നീലേശ്വരം എഫ്.സി.ഐയിൽ ജോലി ചെയ്തിരുന്ന എറണാകുളം സ്വദേശിയാണെന്ന് പരിചയപ്പെടുത്തി അനസ് കൊച്ചി എന്ന അഡ്രസിൽ നിന്നാണ് കത്ത് ലഭിച്ചതെന്ന് നാരായണപിടാരർ കേരളകൗമുദിയോട് പറഞ്ഞു. എഫ്.സി.ഐയിൽ ജോലി ചെയ്യുന്നതിനിടയിൽ പണം നിക്ഷേപിച്ച മറ്റ് ചിലരുമൊത്ത് നടത്തിയ അന്വേഷണത്തിലാണ് എറണാകുളത്തെ രണ്ട് ബാങ്കുകളിലായി കോടികളുടെ നിക്ഷേപം വൈരജാതൻ ചിട്ടിയുടെ മാനേജരുടെ പേരിലുണ്ടെന്ന് കണ്ടെത്തിയതെന്ന് കത്തിൽ പറയുന്നു. 2006 മുതൽ ഈയാൾ ഇവിടെ നിക്ഷേപം തുടങ്ങിയതായും കത്തിലുണ്ട്.

മാനേജരുടെ കുടുംബം ഇപ്പോൾ എറണാകുളത്ത് തന്നെയാണ് താമസിച്ചുവരുന്നത്. വൈരജാതൻ ചിട്ടി ഇടപാടിൽ നിർണായക റോളുണ്ടായിരുന്ന മാനേജർ നിരവധി കേസുകൾ നിലവിലിരിക്കെ സർക്കാർ ജോലിയിൽ കയറിപ്പറ്റിയതിന് പിന്നിലും വമ്പൻ ഇടപെടലുകളുണ്ടായിട്ടുണ്ടെന്നാണ് സൂചന.

ചിട്ടി ഉടമ ഇന്നും ജയിലിൽ

വൈരജാതൻ ചിട്ടി ഉടമ വൈനിങ്ങാലിലെ സി.വി.കൃഷ്ണൻചിട്ടി ഇടപാടുകാരുടെ വിവിധ കേസുകളിലായി ഇപ്പോഴും ജയിലിൽ കഴിയുകയാണ്. 1500 ഓളം കേസുകളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. വിവിധ കേസുകളിൽ മൂന്നാംപ്രതിയായിരുന്നു മാനേജർ. എന്നാൽ ചില കേസുകളിൽ ഇയാളെ കോടതി വെറുതെവിട്ടിരുന്നു.

ഉത്തരമലബാറിനെ ഉലച്ച സാമ്പത്തിക സുനാമി

1990കളിൽ കാവിലെ കുറി എന്ന പേരിൽ സി.വി.കൃഷ്ണൻ നീലേശ്വരത്ത് തുടങ്ങിയ കുറിയാണ് പിന്നീട് വൈരജാതൻ ചിട്ടി എന്ന നിലയിൽ വളർന്നത്. ഇദ്ദേഹത്തിന്റെ മകളുടെ ഭർത്താവ് പുല്ലൂരിലെ ബാലചന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ പിന്നീട് ലക്ഷങ്ങളുടെ കുറിയായി ഇത് വളരുകയായിരുന്നു. രജിസ്ട്രേഷൻ പൂർത്തിയാക്കി വൈരജാതൻ ചിട്ടി മലബാറിലെ മൂന്ന് ജില്ലകളിലും ഏജന്റുമാരെ വച്ച് പണം പിരിച്ച് വലിയ രീതിയിലേക്ക് വളരുകയായിരുന്നു. ചിട്ടിയിലെ പണം ഉപയോഗിച്ച് പുതുക്കൈ വൈനിങ്ങാലിൽ തഞ്ചാവൂർ മാതൃകയിൽ വൈരജാതൻ ക്ഷേത്രവും ചിട്ടിയുടമ നിർമ്മിച്ചു. കുറച്ചുനാളുകൾ പിന്നിട്ടതോടെ തവണ പൂർത്തിയായവർക്ക് പണം കൃത്യമായി കൊടുക്കാൻ സാധിക്കാതെ വന്നതോടെ പലരും പൊലീസിനെ സമീപിക്കുകയായിരുന്നു. നീലേശ്വരം, കാഞ്ഞങ്ങാട്, ചന്തേര, ചീമേനി എന്നീ പൊലീസ് സ്റ്റേഷനുകളിലായി ഇരുന്നൂറോളം കേസുകൾ വൈരജാതൻ കുറിക്കെതിരെ റജിസ്റ്റർചെയ്തിട്ടുണ്ട്. അതേസമയം നൂറുകണക്കിനാളുകൾ മാനഹാനി ഭയന്ന് പരാതി നൽകിയിരുന്നില്ല. വൈരജാതൻ ചിട്ടിക്കേസ് സർക്കാരാണ് നിലവിൽ വാദിക്കുന്നത്.