നീലേശ്വരം: സി.പി.എം പേരോൽ ലോക്കൽ കമ്മിറ്റിയംഗം കുഞ്ഞിപ്പുളിക്കാലിലെ പി. ഗോപാലകൃഷ്ണന്റെ വീടിന് നേരെ ആക്രമണം നടത്തിയ സംഘത്തിനെതിരെ നടപടിയെടുക്കാത്തതിൽ പ്രദേശത്ത് കടുത്ത പ്രതിഷേധമുയരുന്നു. ആക്രമണം നടന്ന് 24 ദിവസം പിന്നിട്ടപ്പോഴും പ്രതികളെ പിടികൂടാൻ നീലേശ്വരം പൊലീസിന് സാധിച്ചിട്ടില്ല.
കഴിഞ്ഞ ജൂൺ 19ന് രാത്രിയിലാണ് ഗോപാലകൃഷ്ണന്റെ വീടിന് നേരെ ഒരു സംഘം കല്ലെറിഞ്ഞത്. കല്ലേറിൽ വീടിന്റെ ജനൽപാളികൾ തകർപ്പെട്ടിരുന്നു. അഞ്ചുവയസുകാരനായ ഇദ്ദേഹത്തിന്റെ ചെറുമകൻ തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഗോപാലകൃഷ്ണനും ഭാര്യ രമണിയും ഇവരുടെ ചെറുമകനുമായിരുന്നു ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്. വീടിന് കല്ലെറിഞ്ഞ ശേഷം ഓടിപ്പോയ പ്രതികളെ ഗോപാലകൃഷ്ണൻ കണ്ടിരുന്നു. വിവരമറിഞ്ഞെത്തിയ നീലേശ്വരം സി.ഐയ്ക്ക് ഇവരുടെ പേരുകൾ വച്ച് വീട്ടുടമ പരാതി നൽകുകയും ചെയ്തതാണ്. ഇതിന് ശേഷം നാലോളം തവണ പൊലീസ് പരാതിക്കാരന്റെ വീട്ടിലെത്തിയെങ്കിലും നാട്ടിൽ തന്നെയുള്ള പ്രതികളെ പിടികൂടാൻ തയ്യാറായിട്ടില്ല. സംഭവത്തിൽ ജയേഷ് എന്ന ജയപാൽ, രാജേഷ് എന്നിവർക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തിട്ടുണ്ട്.
അക്രമത്തിനിരയായ വീട് സി.പി.എം സംസ്ഥാനകമ്മിറ്റിയംഗം കെ.പി.സതീഷ് ചന്ദ്രനും നീലേശ്വരം ഏരിയാസെക്രട്ടറി എം.രാജനും അടക്കമുള്ള നേതാക്കൾ സന്ദർശിച്ചിരുന്നു. അൻപത് വർഷമായി പാർട്ടി പ്രവർത്തനം നടത്തുന്ന ഗോപാലകൃഷ്ണന്റെ വീടിന് നേരെ നടന്ന ആക്രമണത്തിൽ നടപടിയില്ലാത്തതിൽ ഒരു വിഭാഗം പാർട്ടി പ്രവർത്തകർ കടുത്ത അമർഷത്തിലാണ്. വീട് ആക്രമണത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്.