ചെറുവത്തൂർ: ജനസേവനത്തിന്റെ എഴുപതാം വർഷത്തിലേക്ക് കടക്കുന്ന തിമിരി സർവ്വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഓഫീസുകളുടെ ഉദ്‌ഘാടനം 15ന് ഉച്ചക്ക് 12മണിക്ക് സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവ്വഹിക്കും. ഓൺലൈനായി നടത്തുന്ന ഉദ്‌ഘാടന പരിപാടിയിൽ എം. രാജഗോപാലൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജില്ലയിൽ ആദ്യമായി രാത്രിയും പകലും ഒരുപോലെ പ്രവർത്തിക്കുന്നതിനായി ബാങ്കിൽ ഒരുക്കുന്ന മുഴുവൻ സമയ കൗണ്ടർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറയും വിദ്യാതരംഗിണി വായ്പാ പദ്ധതി കയ്യൂർ -ചീമേനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും സർക്കിൾ സഹകരണ യൂണിയൻ ചെയർമാനുമായ കെ.പി വത്സലനും ഉദ്‌ഘാടനം ചെയ്യും.

ബാങ്ക് പ്രസിഡന്റ് വി. രാഘവൻ സ്വാഗതവും വൈസ് പ്രസിഡന്റ് കെ. ദാമോദരൻ നന്ദിയും പറയുന്ന ചടങ്ങിൽ സെക്രട്ടറി കെ.വി സുരേഷ് കുമാർ റിപ്പോർട്ട് അവതരിപ്പിക്കും. സ്‌ട്രോംഗ് റൂം ഉദ്‌ഘാടനവും സൂപ്പർ ഗ്രേഡ് പ്രഖ്യാപനവും കാസർകോട് സഹകരണ ജോയിന്റ് രജിസ്ട്രാർ എ. രമ നിർവ്വഹിക്കും. അസി. രജിസ്ട്രാർ കെ. രാജഗോപാലൻ ലോഗോ പ്രകാശനം ചെയ്യും. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി. യശോദ, മിൽമ ഡയറക്ടർ കെ. സുധാകരൻ, കൊടക്കാട് ബാങ്ക് പ്രസിഡന്റ് സി.വി നാരായണൻ, യൂണിറ്റ് ഇൻസ്‌പെക്ടർ എ.കെ സന്തോഷ്, ഓഡിറ്റർ ജോർജ് ജോസഫ്, മുൻ പ്രസിഡന്റുമാരായ എം. അമ്പൂഞ്ഞി, പി. കമലാക്ഷൻ, കെ.സി.ഇ.യു ഏരിയ സെക്രട്ടറി ടി.കെ ദിവാകരൻ എന്നിവർ പ്രസംഗിക്കും.

കൊവിഡ് കാലത്ത് സാമൂഹ്യ അകലം പാലിച്ചുകൊണ്ട് ഇടപാട് നടത്തുന്നതിനുള്ള സൗകര്യങ്ങളോടെയാണ് ബാങ്കിൽ ആധുനികവൽക്കരണം നടത്തിയിരിക്കുന്നത്. നവീകരിച്ച കെട്ടിടത്തിൽ ഹെഡ് ഓഫീസിനും ബ്രാഞ്ചിനും മെച്ചപ്പെട്ട സൗകര്യങ്ങളുണ്ട്. പ്രത്യേക കാബിനുകൾ, സ്‌ട്രോംഗ് റൂം, മീറ്റിംഗ് ഹാൾ, സ്വർണ്ണപണയത്തിന് പ്രത്യേകം കൗണ്ടർ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന നൈറ്റ് കൗണ്ടർ ബാങ്കിന്റെ പ്രധാന പ്രത്യേകതയാണ്. രാത്രി ഏത് സമയത്ത് എത്തിയാലും പുറത്തുനിന്ന് ബെല്ലടിച്ചാൽ ഇടപാട് നടത്താം. ഇതിനായി പ്രത്യേകം ജീവനക്കാരും രാത്രികാല സേവനത്തിനുണ്ടാകും. 2020 ൽ സംസ്ഥാനത്തെ മികച്ച സഹകരണ ബാങ്കിനുള്ള പുരസ്ക്കാരം വാങ്ങിയിട്ടുള്ള തിമിരി ബാങ്ക് ഇടപാടുകാരുടെയും സഹകാരികളുടെയും പ്രതീക്ഷക്കൊത്തുയർന്ന് പുരോഗതിയിലേക്ക് കുതിക്കുകയാണ്.

അഞ്ച് ബ്രാഞ്ചുകളും 30 സ്ഥിരം ജീവനക്കാരും 10 കമ്മീഷൻ ജീവനക്കാരുമുള്ള ബാങ്കിന് കീഴിൽ കോ- ഓപ്പറേറ്റീവ് ഹെൽത്ത് കെയർ പോളി ക്ലിനിക്ക് ആൻഡ് ലാബ്, ഓഡിറ്റോറിയം, ആംബുലൻസ്, റേഷൻകട, ജനസേവന കേന്ദ്രം, മലബാർ സിമന്റ് ഡിപ്പോ, വളം ഡിപ്പോ തുടങ്ങിയ അനുബന്ധ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും കാർഷിക മേഖലയിലും ശ്രദ്ധേയമായ നിരവധി ഇടപെടലുകൾ ബാങ്ക് നടത്തിയിരുന്നു. കൊവിഡ് പ്രോട്ടോക്കാൾ പാലിച്ചുകൊണ്ട് നടത്തുന്ന ഓഫീസ് ഉദ്‌ഘാടന പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ബാങ്ക് പ്രസിഡന്റ് വി. രാഘവൻ, വൈസ് പ്രസിഡന്റ് കെ. ദാമോദരൻ, സെക്രട്ടറി കെ.വി സുരേഷ്‌കുമാർ എന്നിവർ പറഞ്ഞു.