നീലേശ്വരം: കിനാനൂർ- കരിന്തളം പഞ്ചായത്തിലെ രണ്ടാം വാർഡിൽപ്പെട്ട കൂവാറ്റി കോട്ടക്കുന്ന് പാലം കൈവരികൾ തകർന്ന് അപകടത്തിന് വഴിവയ്ക്കുന്നു. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും പാലത്തിന്റെ തൊട്ടടുത്ത മരം പൊട്ടിവീണാണ് കൈവരികൾ തകർന്നത്. കൈവരികൾ തകർന്നതോടെ അപകടം മുന്നിൽ കണ്ട് നാട്ടുകാർ പഞ്ചായത്ത് അധികൃതരേയും പൊതുമരാമത്ത് ഉദ്യോഗസ്ഥരോടും വിവരങ്ങൾ അറിയിച്ചെങ്കിലും ആരും ഇതുവരെ തിരിഞ്ഞ് നോക്കിയിട്ടില്ല.

നാട്ടുകാർ കൈവരികൾ അറ്റകുറ്റപണി ചെയ്ത് അപകടം ഒഴിവാക്കാൻ മുന്നിട്ടിറങ്ങിയെങ്കിലും പഞ്ചായത്തിന്റെ യോ പൊതുമരാമത്ത് അധികൃതരുടെയോ അനുമതി ഇല്ലാതെ ചെയ്യാൻ പറ്റില്ല എന്ന അറിയിപ്പ് കിട്ടിയതോടെ ഇതിൽ നിന്നും പിന്മാറുകയായിരുന്നു.

കിനാനൂർ കരിന്തളം പഞ്ചായത്തിലെ കൂവാറ്റിയിൽ നിന്ന് മടിക്കൈ പഞ്ചായത്തിലെ ഉമിച്ചില്ല കാതോട്ട് പാറ എന്നിവിടങ്ങളിലെ ജനങ്ങൾക്ക് എളുപ്പത്തിൽ എത്താൻ ഈ പാലത്തിനെയാണ് ആശയിക്കുന്നത്. കൂടാതെ കൂവാറ്റി യു.പി. സ്കൂൾ, ചായ്യോത്ത് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ സ്കൂൾ കുട്ടികൾ കടന്ന് പോകുന്നതും കോട്ടക്കുന്ന് പാലത്തിൽ കൂടിയാണ്. കൂവാറ്റി ചാലിൽ വെള്ളം കരകവിഞ്ഞാൽ അപകടസാദ്ധ്യതയേറും.