കണ്ണൂർ: കാർഷിക സംസ്കൃതിയെയും പ്രകൃതിയെയും അടുത്തറിയുകയെന്ന ലക്ഷ്യത്തോടെ ഏഴോം കൈപ്പാട് ഡവലപ്പ്മെന്റ് സൊസൈറ്റി നടപ്പാക്കുന്ന ഫാം ടൂറിസം പദ്ധതിക്ക് ജില്ലയിൽ തുടക്കമാകുന്നു. ജില്ലയിലെ ആദ്യത്തെ ഫാം ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ ഏഴോത്ത് നടക്കും. അമ്പതോളം പേർ ഇതിനകം തന്നെ ഫാം ടൂറിസത്തിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്.
നെൽവയലുകൾ മുഴുവൻ കണ്ട ശേഷം താവത്ത് കൈപ്പാട് കഞ്ഞിയും പുഴുക്കും അച്ചാറും ചുട്ടപപ്പടവും അടങ്ങിയ ഉച്ച ഭക്ഷണം. തുടർന്ന് തോണിയിലും ജീപ്പിലുമായി സവാരി. കടലും പുഴയും ചേരുന്ന കൈപ്പാടിനെ അടുത്ത് നിന്നു കാണാനുള്ള സൗകര്യവുമുണ്ടാകും. കൈപ്പാട് അരിക്ക് ഭൗമസൂചിക പദവി ലഭിച്ചതോടെ നെൽകൃഷിയുടെ നഷ്ടപ്രതാപം തിരിച്ചുപിടിക്കുകയാണ് ലക്ഷ്യമിടുന്നത്. യന്ത്രവത്കരണം, നെല്ല്, ജനിതക സംരക്ഷണം,ജൈവവൈവിദ്ധ്യകൃഷി വികസനം എന്നിവയും ഫാം ടൂറിസത്തിൽ ഉൾപ്പെടുത്തും.
കൈപ്പാട് കൃഷി
കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളുടെ തീരപ്രദേശങ്ങളിലെ നിലങ്ങളിലാണ് കൈപ്പാട് കൃഷി ചെയ്യാറുള്ളത്. പുഴകൾക്കും കായലിനും കടലിനുമിടയിലായി ഉപ്പുവെള്ളം കയറിക്കിടക്കുന്ന പാടങ്ങൾ. ഉപ്പുവെള്ളത്തിൽ വളരാനും ഉയരം വെയ്ക്കാനും കഴിയുന്ന നാടൻ നെല്ലിനങ്ങളാണ് ഈ പാടത്തിലെ കൃഷി. കൈപ്പാട് അരിയുടെ പ്രത്യേക രുചിയും ഔഷധഗുണവും ഇന്നും പഴമക്കാരുടെ മനസ്സിലുണ്ട്. മൂന്ന് ജില്ലകളിലെ കൈപ്പാട് നിലങ്ങളുടെ സംരക്ഷണവും കൃഷിവികസനവും മുൻനിർത്തി കൈപ്പാട് ഏരിയാ ഡവലപ്പ്‌മെന്റ് സൊസൈറ്റി (കാഡ്സ്) എന്ന സംവിധാനവും ഇതിനായി നിലവിൽ വന്നു. കൃഷി മന്ത്രി ചെയർമാനായി കൃഷി വകുപ്പിന്റെയും കേരള കാർഷിക സർവകലാശാലയുടെയും മേൽനോട്ടത്തിലാണ് കാഡ്സ് പ്രവർത്തനങ്ങൾ.
കൈപ്പാടിന്റെ തലസ്ഥാനത്തിന് പുതുമോടി
ഒരു കാലത്ത് ഉത്തരമലബാറിന്റെ കൈപ്പാട് കൃഷിയുടെ തലസ്ഥാനമായിരുന്നു ഏഴോം. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുണ്ടായ കാലത്ത് നെല്ല് വാങ്ങി സംഭരിക്കാനായി തമിഴ്നാട്ടിലെ വ്യാപാരികൾ ഇവിടെയെത്തിയിരുന്നു. സാധാരണ ഏപ്രിൽ, മേയ് മാസങ്ങളിലാണ് കൈപ്പാട് കൃഷിയുടെ പ്രവർത്തനങ്ങൾ തുടങ്ങുന്നത്.
ഉത്തരവാദിത്വ ടൂറിസത്തിലേക്കുള്ള തുടക്കം എന്ന നിലയിലാണ് ഫാം ടൂറിസത്തിന് പ്രോത്സാഹനം നൽകുന്നത്. സഞ്ചാരികളുടെ എണ്ണത്തിന് അനുസരിച്ച് ക്രമീകരണങ്ങൾ ഏർപ്പെടുത്താനാണ് ആലോചിക്കുന്നത്. കൈപ്പാട് കൃഷിയെ അറിയാനും അനുഭവിക്കാനും ഇതു വഴി കഴിയുമെന്നാണ് കരുതുന്നത്-
ഡോ. ടി. വനജ, ഡയറക്ടർ,
കൈപ്പാട് ഡവലപ്പ്മെന്റ് പ്രോജക്ട്