ഇരിട്ടി: മത്സരിച്ചോടുന്നതിനിടെ സ്വകാര്യ ബസ് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് 15 പേർക്ക് പരിക്കേറ്റു. പായം, ആറളം സ്വദേശികൾക്കാണ് പരിക്കേറ്റത്. ആരുടേയും പരിക്ക് ഗുരുതരമല്ല. ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെ പ്രഥമ ശുശ്രൂഷക്ക് ശേഷം പരിക്കേറ്റവരെ വിട്ടയച്ചു.
ഇരിട്ടി-പായം റോഡിൽ ജബ്ബാർകടവ് പാലത്തിന് സമീപം ബുധനാഴ്ച ഉച്ചക്ക് 12 മണിയോടെ ആയിരുന്നു അപകടം. അപ്പാച്ചി എന്ന ബസ് ആണ് അപകടത്തിൽപെട്ടത്. ആദ്യമായാണ് ഈ റൂട്ടിൽ ഈ ബസ് ഓടുന്നത്. കോടതി പെർമിറ്റോടെയാണ് ബസ് ഓടിയതെന്ന് ബന്ധപ്പട്ടവർ പറയുന്നു. മത്സര ഓട്ടമാണ് അപകടത്തിനിടയാക്കിയതെന്ന് ബസിലുണ്ടായിരുന്നവർ പറഞ്ഞു. ഇതിനുശേഷം 10 മിനുട്ട് കഴിഞ്ഞ് ഇരിട്ടി ബസ് സ്റ്റാൻഡിൽ നിന്നും വിടേണ്ട പായം എന്ന ബസ് അപകടത്തിൽപെട്ട ബസിനെ മറികടന്ന് ഓടുകയും ജബ്ബാർ കടവ് പാലം കഴിഞ്ഞ് കുത്തനേയുള്ള കയറ്റത്തിൽ അപ്പാച്ചി ബസിന് കുറുകേ നിർത്തുകയുമായിരുന്നു. കയറ്റത്തിൽ നിയന്ത്രണം വിട്ട ബസ് പിന്നോട്ട് വന്ന് റോഡരികിലെ ഇരുപതടിയോളം താഴ്ചയിലേക്ക് വീണു. മരങ്ങളും പൊന്തകാടുകളും വളർന്നു നിൽക്കുന്ന ഇടമായതിനാലും ബസിൽ യാത്രികർ കുറവായതിനാലുമാണ് വൻ അപകടം ഒഴിവായത്. ഇതിനിടയിൽ അപകടം കണ്ടിട്ടും രക്ഷാപ്രവർത്തനം നടത്താതെ പായം ബസിലെ ജീവനക്കാർ വാഹനം ഓടിച്ചുപോയി. ഇവർ അറിയിച്ചതിനെ തുടർന്ന് സിമന്റ് ഗോഡൗണിലെ ചുമട്ടു തൊഴിലാളികളെത്തിയാണ് ബസിനുള്ളിൽ കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്തിയത്. ഇരിട്ടിയിൽ നിന്നും എസ്.ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിലുള്ള പൊലീസും സ്ഥലത്തെത്തി.