കാഞ്ഞങ്ങാട്: മോചനദ്രവ്യമാവശ്യപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടുപേരെ കൂടി ഡിവൈ.എസ്.പി ഡോ.വി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കരതൊട്ടിയിലെ നൗഷാദ് (35),​ ആവിക്കരയിലെ എം.ജെ ഷംസീർ (22) എന്നിവരാണ് അറസറ്റിലായത്. ഹണി ട്രാപ് ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയും ക്വട്ടേഷൻ സംഘത്തിന്റെ സൂത്രധാരനുമായ ലാലാകബീറിന്റെ സംഘത്തിൽപെട്ടവരാണിവരെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ജനുവരിയിലാണ് മൻസൂറിനെ തട്ടിക്കൊണ്ടുപോയത്. ഞാണിക്കടവിലെ മെഹറൂഫിനെ തട്ടിക്കൊണ്ടുപോയ കേസിൽ ലാലാകബീർ ഉൾപ്പെടെ പൊലീസിന്റെ പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് മൻസൂറിനെ തട്ടിക്കൊണ്ടുപോയതിന്റെ ചുരുളഴിഞ്ഞത്.