മാഹി: തട്ടോളിക്കരയിൽ പൊതുവഴിയോരത്ത് പൂങ്കാവനമൊരുക്കിയ എം.പി. ദയാനന്ദന് ഗ്രാമ പഞ്ചായത്തിന്റെ ആദരം. വീട്ടുമുറ്റവും പരിസരവും പൂന്തോട്ടം ഒരുക്കുന്നതിനോടൊപ്പം ഒരു കാലത്ത് ചപ്പുചവറുകളും മറ്റും നിറഞ്ഞ തട്ടോളിക്കരയിലെ ഇടവലക്കണ്ടി പീടിക പരിസരത്ത് പൂങ്കാവനമൊരുക്കിയാണ് ഇദ്ദേഹം ശ്രദ്ധേയനായത്.
പ്രവാസിയായ ദയാനന്ദൻ കഴിഞ്ഞ ആറു വർഷക്കാലമായി തട്ടോളിക്കരയിൽ താമസക്കാരനാണ്. റോഡരികിലും വീട്ടിലേക്കുള്ള വഴികളിലെ ഇരുവശങ്ങളിലുമായി ഏതാണ്ട് 50 മീറ്ററോളം ദൂരത്തിലാണ് വിവിധ തരം ചെടികൾ നട്ടുപിടിപ്പിച്ചത്. വിവിധ നഴ്സറികളിൽ നിന്നും മറ്റും വില കൊടുത്ത് വാങ്ങിയാണ് ചെടികൾ നട്ടു പിടിപ്പിക്കുന്നതും പരിപാലിക്കുന്നതും. അഴിയൂർ ഗ്രാമപഞ്ചായത്തിന്റെ ഉപഹാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ പൂന്തോട്ട പരിസരത്തു വെച്ച് ദയാനന്ദന് കൈമാറി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, വാർഡ് മെമ്പർ സാവിത്രി തുടങ്ങിയവർ സംബന്ധിച്ചു