sslc
എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടിയ സ്കൂളുകളിലൊന്നായ ചൊവ്വ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളുടെ ആഹ്ലാദം

കണ്ണൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ 99.85 ശതമാനം വിജയവുമായി കണ്ണൂർ ജില്ല സംസ്ഥാനത്ത് ഒന്നാമതെത്തി. കണ്ണൂർ, തലശ്ശേരി, തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലകളിൽ നിന്നായി ആകെ 34,533 കുട്ടികൾ പരീക്ഷ എഴുതിയതിൽ 34,481 പേരും ഉപരിപഠനത്തിന് യോഗ്യത നേടി. ജില്ലയിൽ 4140 ആൺകുട്ടികളും 7676 പെൺകുട്ടികളും ഉൾപ്പെടെ 11,816 പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു.

വിദ്യാഭ്യാസ ജില്ലാ അടിസ്ഥാനത്തിൽ കണ്ണൂരിൽ നിന്ന് 2589 പേരും (ആൺകുട്ടികൾ 874, പെൺകുട്ടികൾ 1715), തലശ്ശേരിയിൽ നിന്ന് 4746 പേരും (ആൺകുട്ടികൾ 1691, പെൺകുട്ടികൾ 3055), തളിപ്പറമ്പിൽ നിന്ന് 4481 പേരുമാണ് (ആൺകുട്ടികൾ 1575, പെൺകുട്ടികൾ 2906) ഈ നേട്ടം കൈവരിച്ചത്. കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ നിന്ന് 7767 പേരും തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ നിന്ന് 13,938 പേരും തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ നിന്ന് 12,776 പേരും ഉപരി പഠനത്തിന് യോഗ്യത നേടി.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത് ജില്ലയിലാണ്. 35,074 പേരാണ് 209 സ്‌കൂളിലായി എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വലിയ ഒരുക്കങ്ങളായിരുന്നു പരീക്ഷയ്ക്ക് വേണ്ടി നടപ്പിലാക്കിയത്. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണസമിതി ഇ ക്ലാസ് ചലഞ്ച് പദ്ധതി നടപ്പിലാക്കി കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനാവശ്യമായ ഫോണുൾപ്പെടെയുള്ള ഉപകരണങ്ങൾ ആദ്യഘട്ടത്തിൽ വിതരണം ചെയ്തിരുന്നു. കുട്ടികളിലെ പരീക്ഷ പേടി അകറ്റാനും ആവശ്യമായ കൗൺസിലിംഗ് ഒരുക്കുന്നതിനുമായി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ 'ആശങ്ക വേണ്ട അരികിലുണ്ട്' പദ്ധതിയും വലിയ പ്രതികരണമാണുണ്ടാക്കിയത്. ജനപങ്കാളിത്തത്തോടെ നടപ്പിലാക്കിയ പദ്ധതിയും ജില്ല നേടിയെടുത്ത വിജയത്തിൽ പ്രധാന പങ്ക് വഹിച്ചു.

മുഴുവൻ എപ്ളസ് 11,816

പെൺകുട്ടികൾ 7,676

ആൺകുട്ടികൾ 4,140

ഓൺലൈൻ പഠനത്തിന്റെ പ്രതിസന്ധികൾക്കിടയിലും എസ്.എസ്.എൽ.സി പരീക്ഷയിൽ ജില്ലയ്ക്കുണ്ടായ നേട്ടം ജനകീയ കൂട്ടായ്മയുടെ വിജയമാണ്. അധ്യാപകരും ജനപ്രതിനിധികളും ഡയറ്റും രക്ഷിതാക്കളും വിദ്യാർത്ഥികളും ഒറ്റക്കെട്ടായാണ് പരീക്ഷയെ നേരിട്ടത്.

പി.പി. ദിവ്യ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്