കാഞ്ഞങ്ങാട്: എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ചവിജയം നേടിയ ദുർഗ്ഗ ഹയർസെക്കൻഡറി സ്‌കൂളിന്റെ നൊമ്പരമായി കൗമാരചിത്രകാരൻ ആദിത്യൻ. എസ്.എസ്.എൽ.സി പരീക്ഷയ്ക്കിടെയാണ് പനി ബാധിച്ച് ആദിത്യൻ മരിച്ചത്.
കുഞ്ഞുപ്രായത്തിൽ തന്നെ ചിത്രരചനയിൽ മികവ് തെളിയിച്ച ആദിത്യൻ തന്റെ ഇളം പ്രായത്തിൽ വരച്ചുകൂട്ടിയത് ആയിരത്തോളം ചിത്രങ്ങളാണ്. സംസ്ഥാനതലത്തിലും ഏറെ സമ്മാനങ്ങൾ കുട്ടി നേടുകയുണ്ടായി. പഠനത്തിലും ഏറെ മുന്നിലായിരുന്നു ഈ പ്രതിഭ. ഓട്ടോ ഡ്രൈവർ മണിയുടെയും ജില്ലാ ആശുപത്രി ജീവനക്കാരി നിഷയുടെയും മൂന്നു മക്കളിൽ രണ്ടാമനാണ് ആദിത്യൻ. മുഴുവൻ പരീക്ഷയും എഴുതാൻ സാധിച്ചിരുന്നുവെങ്കിൽ ആദിത്യൻ എല്ലാവിഷയങ്ങളിലും എ പ്ലസ് നേടുമായിരുന്നുവെന്ന് ദുർഗാ ഹയർസെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപകർ ഉറച്ചുവിശ്വസിക്കുന്നു.