പയ്യന്നൂർ: കൊവിഡ് വ്യാപനത്തിന്റെ പേരിൽ അനാവശ്യമായി വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുവാൻ നിർദ്ദേശിക്കുന്നുവെന്നാരോപിച്ച് ഇന്നലെ കടകൾ തുറന്ന് പ്രതിഷേധിക്കുവാൻ ആഹ്വാനം ചെയ്ത പയ്യന്നൂർ ചേമ്പർ ഓഫ് കൊമേഴ്സിന്റെ സമരം പാളി. സംഘടനയുടെ ആഹ്വാനം പ്രകാരം രാവിലെ കടകൾ തുറക്കുവാൻ ആരംഭിച്ചെങ്കിലും നഗരസഭാ അധികൃതർ, പൊലീസ്, സെക്ടർ മജിസ്ട്രേട്ടുമാർ തുടങ്ങിയവരെത്തി തുറന്ന സ്ഥാപനങ്ങൾ അടപ്പിച്ചു.
നിർദ്ദേശം ലംഘിച്ചാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി. അതേ സമയം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റിന്റെ നിർദ്ദേശപ്രകാരം കട തുറക്കൽ സമരം മാറ്റിവയ്ക്കുകയായിരുന്നെന്ന് ചേമ്പർ പ്രസിഡന്റ് കെ.യു.വിജയകുമാർ പറഞ്ഞു. പയ്യന്നൂർ ചേമ്പറിന്റെ ആരോപണം നഗരസഭ ചെയർപേഴ്സൺ കെ.വി. ലളിത നിഷേധിച്ചു. കൊവിഡ് വ്യാപന തോതിൽ നഗരസഭ " സി " ഗ്രേഡിലാണുള്ളത്. സർക്കാർ മാനദണ്ഡം അനുസരിച്ചുള്ള നിയന്ത്രണങ്ങളാണ് നഗരത്തിലുള്ളത്. ഇതിനോട് സഹകരിക്കണമെന്നും ചെയർപേഴ്സൺ അഭ്യർത്ഥിച്ചു.