തൃക്കരിപ്പൂർ: പഞ്ചായത്തിന്റെ തീരദേശ മേഖലയായ വെള്ളാപ്പിൽ നിന്നും സംരക്ഷിത സസ്യ വർഗ്ഗമായ

കണ്ടലുകൾ നശിപ്പിച്ച സംഭവത്തിൽ അടിയന്തര പ്രമേയം ചർച്ചക്കെടുക്കാത്തതിനെ തുടർന്ന് എൽ.ഡി.എഫ് അംഗങ്ങൾ പഞ്ചായത്ത് ഭരണ സമിതി യോഗം ബഹിഷ്കരിച്ചു. സ്വകാര്യ ടൂറിസത്തിന് വഴിയൊരുക്കാൻ പഞ്ചായത്തിന്റെ ഒത്താശയോടെയായിരുന്നു വെള്ളാപ്പിൽ കായലോരത്തെ കണ്ടലുകൾ വ്യാപകമായി നശിപ്പിച്ചതെന്ന ആരോപണം ഉയർന്നിരുന്നു.

ഇടയിലെക്കാട് ബണ്ട് പരിസരത്ത് നിന്നും ആയിറ്റിയിലേക്കുള്ള തീരദേശ റോഡിനോട് ചേർന്ന് കായലോരത്തെ കണ്ടലുകളാണ് വ്യാപകമായി നശിപ്പിച്ചത്.

അടിയന്തിര പ്രമേയം അവതരിപ്പിക്കണമെന്നാവശ്യപ്പെട്ട് രണ്ട് തവണ എൽ.ഡി.എഫ് നോട്ടീസ് നൽകിയെങ്കിലും അജണ്ട വെക്കാൻ ഭരണസമിതി തയ്യാറായില്ല. കഴിഞ്ഞ തവണ അടിയന്തര യോഗമെന്ന് പറഞ്ഞു മാറ്റിവച്ചു. കഴിഞ്ഞ 29ന് വീണ്ടും നോട്ടീസ് നൽകിയെങ്കിലും പരിഗണിച്ചില്ല. പ്രതിപക്ഷയംഗം കെ.വി കാർത്യായനിയാണ് നോട്ടീസ് നൽകിയത്. കണ്ടൽ നശിപ്പിച്ചവരെ പഞ്ചായത്ത് സംരക്ഷിക്കുന്നു എന്ന് ആരോപിച്ചായിരുന്നു എൽ.ഡി.എഫ് യോഗം ബഹിഷ്കരിച്ചത്. തുടർന്ന് പഞ്ചായത്ത് കാര്യാലയത്തിന് മുന്നിൽ പ്രതിഷേധിച്ചു.