swagath-r-bhandari
കാസർകോട് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നു

കാസർകോട്: ജില്ലയിൽ പ്രതിവാര കൊവിഡ് പരിശോധനകളുടെ എണ്ണം 40000 ലേക്ക് ഉയർത്തുമെന്ന് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് പറഞ്ഞു. രോഗ സ്ഥിരീകരണ നിരക്ക് (ടി.പി.ആർ) കുറയ്ക്കുകയാണ് പ്രധാന ലക്ഷ്യം. കഴിഞ്ഞയാഴ്ച 33075 പേരാണ് പരിശോധന നടത്തിയത്. പ്രാഥമിക സമ്പർക്കത്തിൽപ്പെട്ടവർ നിർബന്ധമായും പരിശോധന നടത്തണമെന്നും കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കർണാടകയിലേക്കുള്ള യാത്രാനിയന്ത്രണവുമായി ബന്ധപ്പെട്ട് മംഗളൂരു ജില്ലാ ഭരണാധികാരിയുമായി സംസാരിക്കും. അതേസമയം, നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നതിനപ്പുറം മനുഷ്യജീവൻ രക്ഷിക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്നും കളക്ടർ പറഞ്ഞു.
പൊതുജനങ്ങളുമായി കൂടുതൽ സമ്പർക്കമുണ്ടാകുന്ന ആരോഗ്യ പ്രവർത്തകർ, സർക്കാർ ജീവനക്കാർ, കച്ചവടക്കാർ തുടങ്ങിയവർ മാസത്തിലൊരിക്കൽ നിർബന്ധമായി കൊവിഡ് പരിശോധന നടത്തണം. ഈ വിഭാഗങ്ങളിൽ മറ്റുള്ളവരെ അപേക്ഷിച്ച് രോഗസ്ഥിരീകരണം കൂടുതലാണ്. വ്യാപാരികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ 19ന് വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തും. ജില്ലയിൽ കൊവിഡ് വാക്സിനേഷൻ ഡ്രൈവ് നടത്തുമെന്നും കളക്ടർ പറഞ്ഞു.

എൻഡോസൾഫാൻ സാഹചര്യം പഠിക്കും

കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾ പഠിച്ചതിന് ശേഷം നിലപാട് എടുക്കും. എൻഡോസൾഫാൻ ബാധിതരുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന സെല്ലിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറുമായി ഇക്കാര്യങ്ങൾ ചർച്ച ചെയ്യും. അതിന് ശേഷം എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് ആലോചിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.