പുതിയതെരു: പുതിയതെരു ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി 27 ലക്ഷം രൂപ അനുവദിച്ചു. ഇന്നലെ ചേർന്ന സംസ്ഥാന റോഡ് സേഫ്റ്റി അതോറിറ്റി യോഗമാണ് തുക അനുവദിച്ചത്. പാപ്പിനിശ്ശേരി ക്രിസ്ത്യൻ പള്ളി മുതൽ വളപട്ടണം പാലം ജംഗ്ഷൻ വരെയുള്ള ഭാഗത്ത് സിംഗിൾ ലൈൻ ട്രാഫിക് നടപ്പിലാക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കായാണ് തുക അനുവദിച്ചത്.
കെ.വി. സുമേഷ് എം.എൽ.എയുടെ ഇടപടലിനെ തുടർന്നാണ് നടപടി. പുതിയതെരുവിലെ ഗതാഗതക്കുരുക്ക് സംബന്ധിച്ച് നേരത്തെ എം.എൽ.എയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെ വിശദമായ യോഗം ചേരുകയും പ്രശ്ന പരിഹാരത്തിനാവശ്യമായ നടപടികൾ ചർച്ച ചെയ്യുകയും ചെയ്തിരുന്നു. വാഹനങ്ങൾ ക്രമംതെറ്റിച്ച് വരുന്നത് വളപട്ടണം പാലത്തിന് സമീപം കെ.എസ്.ടി.പി റോഡുമായി ചേരുന്ന ഭാഗത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാവാൻ കാരണമാകുന്നതായി യോഗം വിലയിരുത്തിയിരുന്നു. ഇവിടെ സിംഗിൾ ലെയിൻ ട്രാഫിക് രീതി നടപ്പിലാക്കാൻ നിർദ്ദേശിച്ചതാണ്.
കഴിഞ്ഞമാസം ജില്ലയിലെത്തിയ പൊതുമരാമത്ത് വകുപ്പ് മന്ത്രി സ്ഥലം സന്ദർശിച്ചിരുന്നു. മന്ത്രിയുടെ നിർദ്ദേശപ്രകാരം ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾക്കായി ഫണ്ട് അനുവദിക്കാൻ റോഡ് സുരക്ഷാ അതോറിറ്റിക്ക് എം.എൽ.എ നൽകിയ അപേക്ഷ പരിഗണിച്ചാണ് ഇപ്പോൾ ആദ്യ ഘട്ട പ്രവർത്തനങ്ങൾക്കായി 27 ലക്ഷം രൂപ അനുവദിച്ചത്. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനാവശ്യമായ ആദ്യഘട്ട പ്രവർത്തനങ്ങൾ ഉടൻ തന്നെ ആരംഭിക്കുമെന്ന് കെ.വി. സുമേഷ് എം.എൽ.എ അറിയിച്ചു.