നീലേശ്വരം: നഗരസഭാ ബഡ്സ് സ്‌കൂളിന് പുതിയ കെട്ടിടം ഉയരും. ചിറപ്പുറത്ത് പ്രവർത്തിക്കുന്ന പ്രത്യാശ ബഡ്സ് സ്‌കൂളിന് കാസർകോട് ഡവലപ്പ്‌മെന്റ് പാക്കേജിൽ പുതിയ കെട്ടിടം നിർമ്മിക്കാൻ അനുമതിയായി. നഗരസഭ ചിറപ്പുറത്ത് അനുവദിച്ച 40 സെന്റ് സ്ഥലത്താണ് ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടം നിർമ്മിക്കുന്നത്.
നീലേശ്വരം, കാഞ്ഞങ്ങാട് നഗരസഭകൾ, മടിക്കൈ, ചെറുവത്തൂർ ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിൽ നിന്നായി 48 കുട്ടികളാണ് നിലവിൽ നീലേശ്വരം ബഡ്സ് സ്‌കൂളിൽ പഠിക്കുന്നത്. ഇപ്പോൾ സ്‌കൂൾ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ സ്ഥലപരിമിതി ഉള്ളതുകൊണ്ടാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുവേണ്ടി നഗരസഭ 40 സെന്റ് സ്ഥലം അനുവദിച്ചത്.
ബഡ്സ് സ്‌കൂൾ വിദ്യാർത്ഥികളുടെ അമ്മമാർക്കു വേണ്ടി നീലേശ്വരം നഗരസഭ ആരംഭിച്ച സ്‌നേഹത്തണൽ തൊഴിൽ പരിശീലന കേന്ദ്രവും ഇതേ കോമ്പൗണ്ടിൽ പ്രവർത്തിക്കുവാനുള്ള കെട്ടിടവും അനുബന്ധമായി ഒരുക്കും. കാസർകോട് ഡവലപ്പ്‌മെന്റ് പാക്കേജ് സ്‌പെഷ്യൽ ഓഫീസർ ഇ.പി.രാജ് മോഹൻ ബഡ്സ് സ്‌കൂൾ നിർമ്മിക്കുന്നതിനുവേണ്ടി നഗരസഭ അനുവദിച്ച സ്ഥലം സന്ദർശിച്ചു. ചെയർപേഴ്സൺ ശാന്ത.ടി.വി, വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി, മുൻ നഗരസഭാ ചെയർമാൻ പ്രൊഫ. കെ.പി. ജയരാജൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി. സുഭാഷ്, ദാക്ഷായണി കുഞ്ഞിക്കണ്ണൻ, നഗരസഭാ സെക്രട്ടറി എ. ഫിറോസ് ഖാൻ, നഗരസഭാ എൻജിനീയർ സി. രജീഷ് കുമാർ, മുൻപഞ്ചായത്ത് പ്രസിഡന്റ് കെ.വി. ദാമോദരൻ, എ.വി. സുരേന്ദ്രൻ, കെ. രഘു, ഒ.വി. രവീന്ദ്രൻ എന്നിവർ കൂടെ ഉണ്ടായിരുന്നു.