കണ്ണൂർ :ഓൺലൈൻ ഭക്ഷ്യവിതരണ രംഗത്തേക്ക് കുടുംബശ്രീയും. തങ്ങളുടെ കീഴിലുള്ള ഹോട്ടലുകളും കഫേകളും ഉൾപ്പെടുത്തിയാണ് കുടുംബശ്രീ ന്യൂജൻ മുഖം കൈവരിക്കുന്നത്. 'അന്നശ്രീ' മൊബൈൽ ആപ്ലിക്കേഷനിലൂടെ ഇനി മുതൽ വിഭവങ്ങൾ നിങ്ങളുടെ മൊബൈലിൽ നിന്നും ഓർഡർ ചെയ്യാം. സംസ്ഥാനത്തെ മുഴുവൻ കുടുംബശ്രീ ഹോട്ടലുകളെയും കോർത്തിണക്കിയാണ് പദ്ധതി നടപ്പാക്കുന്നത്.
ആദ്യഘട്ടത്തിൽ കോർപറേഷൻ പരിധിയിൽ മാത്രമാണ് വിതരണ സൗകര്യം ലഭ്യമാകുക. കണ്ണൂർ താവക്കരയിൽ പ്രവർത്തിക്കുന്ന കഫേശ്രീയിലെ വിഭവങ്ങളാണ് ആപ്പിലൂടെ ലഭിക്കുക. വരും ദിവസങ്ങളിൽ ജില്ലയിലെ എല്ലാ കുടുംബശ്രീ ഹോട്ടലുകളെയും ചേർത്ത് ജില്ലയിലുടനീളം ഭക്ഷണ വിതരണ സൗകര്യം ഉറപ്പാക്കും.
പ്ളേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യു
ആൻഡ്രോയ്ഡ് ഫോണുകളിലെ പ്ലേ സ്റ്റോറുകളിൽ നിന്ന് അന്നശ്രീ ആപ്പ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. തുറന്നു വരുന്ന പേജിൽ അന്നേ ദിവസത്തെ സ്‌പെഷ്യൽ വിഭവങ്ങളും അതിന്റെ വിലയും ലഭ്യമാവും. റസ്റ്റോറന്റ്, ഹോം കിച്ചൺ, ക്ലൗഡ് കിച്ചൺ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് പേജിൽ കാണാൻ സാധിക്കുക. വീടുകളിൽ നിന്നും ഹോട്ടലുകളിൽ നിന്നും പാചകം ചെയ്യുന്ന വിഭവങ്ങൾ ഒരു സ്ഥലത്ത് കേന്ദ്രീകരിച്ച് വിതരണം ചെയ്യുന്നതാണ് ക്ലൗഡ് കിച്ചൺ സംവിധാനം. മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള 'ഷെഡ്യൂൾ ഓർഡർ' എന്ന സംവിധാനവും ആപ്പിൽ ഒരുക്കിയിട്ടുണ്ട്. ഇതുവഴി ബൾക്ക് ബുക്കിംഗും ചെയ്യാം. കുടുംബശ്രീ പ്രവർത്തകർ തന്നെയാണ് ഓർഡർ വീടുകളിൽ എത്തിച്ചു നൽകുന്നത്. കുടുംബശ്രീ കാറ്ററിംഗ് മേഖല സംസ്ഥാന പരിശീലന സ്ഥാപനമായ ഐഫ്രം ആണ് അപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തത്.
ഹോം കിച്ചൺ ആപ്പും വരും
കുടുംബശ്രീ അംഗങ്ങളായ വീട്ടമ്മമാരെയും പദ്ധതിയിൽ ഉൾപ്പെടുത്തി ഹോം കിച്ചൺ എന്ന സംവിധാനവും ആപ്ലിക്കേഷനിൽ ലഭ്യമാണ്. ഭക്ഷണത്തിനു പുറമെ പച്ചക്കറി, പാൽ, മുട്ട, മത്സ്യം, മാംസം എന്നിവ ലഭ്യമാക്കുന്നതിനായി ഗ്രോസറി എന്ന വിഭാഗവും ആപ്പിലുണ്ട്.
കൊവിഡ് പ്രതിസന്ധി ഘട്ടത്തിൽ പുതുതായി ആരംഭിക്കുന്ന ഭക്ഷണ വിതരണ സംവിധാനം കുടുംബശ്രീ പ്രവർത്തകർക്ക് വലിയ ആശ്വാസമാകും-ഡോ.എം. സുർജിത്ത്,കോഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ