പയ്യന്നൂർ: നഗരസഭയിൽ കൊവിഡ് പോസിറ്റിവിറ്റി 14.7 ശതമാനം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇപ്പോൾ പ്രാബല്യത്തിലുള്ള " സി " കാറ്റഗറി നിയന്ത്രണങ്ങൾ മാറ്റമില്ലാതെ തുടരുവാൻ

നഗരസഭ ചെയർപേഴ്സൺ കെ.വി. ലളിതയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗം തീരുമാനിച്ചു. അവശ്യ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ എല്ലാ ദിവസവും രാവിലെ 7 മുതൽ വൈകീട്ട് 8 മണി വരെ 50 ശതമാനം ജീവനക്കാരെ ഉപയോഗപ്പെടുത്തി പ്രവർത്തിക്കാം.

മറ്റു സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച മാത്രമാണ് പ്രവർത്തനാനുമതിയുള്ളത്. ഭക്ഷണ വിതരണ സ്ഥാപനങ്ങളിൽ പാർസലും ഹോം ഡെലിവറിയും രാത്രി 8 മണി വരെ നൽകാം. ബാങ്കുകൾ ശനി, ഞായർ ഒഴികെ ബാക്കി എല്ലാ ദിവസവും, പൊതു കാര്യാലയങ്ങൾ 50 ശതമാനം ജീവനക്കാർ മാത്രമായും കൊവിഡ് മാനദണ്ഡം പാലിച്ച് പ്രവർത്തിക്കും. വ്യാപാര സ്ഥാപനങ്ങളിലും, ഓഫീസുകളിലും ജോലി ചെയ്യുന്ന ജീവനക്കാർ, സ്ഥാപന ഉടമ എന്നിവർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റോ, മൂന്നാഴ്ചയ്ക്കുള്ളിൽ കൊവിഡ് ടെസ്റ്റ് നടത്തിയ നെഗറ്റീവ് സർട്ടിഫിക്കറ്റോ അധികൃതർ ആവശ്യപ്പെടുന്ന സമയത്ത് പരിശോധനയ്ക്ക് ഹാജരാക്കേണ്ടതാണ്.

സൗജന്യ ആർ.ടി.പി.സി.ആർ. കൊവിഡ് പരിശോധന ശനി, ഞായർ ഒഴികെ മറ്റു ദിവസങ്ങളിൽ രാവിലെ 9 മുതൽ 12.30 വരെ പയ്യന്നൂർ ഗവ: ബോയ്സ് ഹൈസ്കൂളിൽ നിന്നും ലഭിക്കും. കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പ്രദേശിക പ്രദേശങ്ങളെ അടിസ്ഥാനമാക്കി പരിശോധന ക്യാമ്പുകൾ സംഘടിപ്പിക്കും.