പഴയങ്ങാടി: എരിപുരത്ത് പഴയങ്ങാടി താലൂക്ക് ആശുപത്രിക്ക് സമീപം കെ.എസ്.ടി.പി റോഡിൽ ആംബുലൻസും കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 6 പേർക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ ആംബുലൻസ് ഡ്രൈവർ ശ്രീജിത്ത് (35), പിക്കപ്പ് വാൻ ഡ്രൈവർ ഷെയ്ക്കലി (50), അബ്ദുൽ കാദർ (28), രവീന്ദ്രൻ (40),നാരായണൻ (46), ബാബുരാജൻ എന്നിവരെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11 മണിയോടെയാണ് അപകടം.
കണ്ണൂർ എയർപോർട്ടിൽ നിന്നും ഉദുമ സ്വദേശിയുടെ മൃതദേഹവുമായി പോവുകയായിരുന്ന ആംബുലൻസും പയ്യന്നൂരിൽ നിന്നും പഴയങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ് വാനും, കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ആംബുലൻസ് പിക്കപ്പ് വാനിനെയും കാറിനേയും ഇടിച്ച് മറിയുകയായിരുന്നുവത്രെ. ഓടികൂടിയ നാട്ടുകാരും പഴയങ്ങാടിയിലെ ചുമട്ട് തൊഴിലാളികളുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ആംബുലൻസ് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. അപകടത്തിൽപ്പെട്ട ആംബുലൻസിലെ മൃതദേഹം മറ്റൊരു ആംബുലൻസിൽ ഉദുമയിലേക്ക് കൊണ്ടുപോയി.