madhavan
തിമിരി സർവ്വീസ് സഹകരണ ബേങ്കിന്റെ രാത്രികാല കൗണ്ടർ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ നിർവ്വഹിക്കുന്നു

ചെറുവത്തൂർ: തിമിരി സർവ്വീസ് സഹകരണ ബേങ്കിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൗണ്ടർ പ്രവർത്തനം തുടങ്ങി. കാസർകോട് ജില്ലയിൽ ആദ്യമായാണ് ഒരു ബേങ്കിൽ 24 മണിക്കൂറും ഇടപാട് നടത്തുന്ന സമ്പ്രദായം ആരംഭിക്കുന്നത്. ശ്രമകരമായ ഈ ദൗത്യം നവീകരിച്ച ഓഫീസുകളുടെ ഉദ്‌ഘാടനത്തോട് അനുബന്ധിച്ചാണ് ബേങ്ക് ഏറ്റെടുക്കുന്നത്. പകൽ സമയം ബേങ്കിൽ ഉള്ളത് പോലെ തന്നെ രാത്രി മുഴുവൻ സമയവും ഈ കൗണ്ടറിൽ ജീവനക്കാർ ഉണ്ടാകും. ബേങ്കിന്റെ മെയിൻ ബ്രാഞ്ചിനോട് ചേർന്നാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇടപാടുകാർക്ക് ബേങ്കിൽ പ്രവേശിക്കാതെ പുറത്തുനിന്നും കോളിങ് ബെൽ അടിച്ചാൽ പണമിടപാട്, സ്വർണ്ണ പണയ വായ്പ വിതരണം, പണം ട്രാൻസ്ഫർ, പിൻവലിക്കൽ, നിക്ഷേപം തുടങ്ങിയ സേവനം കിട്ടും രാത്രികാല കൗണ്ടറിന്റെ ഉദ്‌ഘാടനം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ നിർവ്വഹിച്ചു. രാത്രികാല സേവനം നടത്താനുള്ള തീരുമാനം കൈക്കൊണ്ട വി രാഘവൻ പ്രസിഡന്റായ ഭരണസമിതിയെയും സെക്രട്ടറി കെ വി സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള ജീവനക്കാരെയും മന്ത്രി വി എൻ വാസവനും എം രാജഗോപാലൻ എം എൽ എ യും അഭിനന്ദിച്ചു.