തലശേരി: പ്രധാന രേഖകളും പണവുമടങ്ങിയ യുവാവിന്റെ നഷ്ടപ്പെട്ട ബാഗ് തിരിച്ചുപിടിച്ച് തലശ്ശേരി പൊലീസ്. വടകര ഓർക്കാട്ടേരി സ്വദേശി എൻ.കെ. ജിബീഷ് കുമാർ കാസർകോട്ടേക്കുള്ള ബൈക്ക് യാത്രയിലാണ് 13ന് ബാഗ് നഷ്ടപ്പെട്ടത്. ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, പാൻ കാർഡ് തുടങ്ങിയ പ്രധാന രേഖകൾക്കൊപ്പം അരലക്ഷം രൂപയും ബാഗിലുണ്ടായിരുന്നു.
കൊടുവള്ളി പരിസരത്ത് വച്ചാണ് നഷ്ടമായത്. ഇതേ തുടർന്ന് ജിബീഷ് പൊലീസിൽ പരാതി നൽകുകയായിരുന്നു. തലശേരി എ.സി.പി മൂസ വള്ളിക്കാടിന്റെ നിർദേശത്തെ തുടർന്ന് റോഡിലെ സി.സി.ടി.വി കാമറ പരിശോധിച്ച പൊലീസ് ജിബീഷിന് പിന്നാലെ യാത്ര ചെയ്ത വാഹനങ്ങൾ പരിശോധിച്ചതിൽ നിന്നാണ് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കളിൽ നിന്ന് ബാഗ് കണ്ടെടുത്തത്.
റോഡരികിലെയും ഷോപ്പുകളിലെയും 13 കാമറകളാണ് ഇതിനായി പരിശോധിച്ചത്. കാമറയിൽ നിന്നു കിട്ടിയ നമ്പറുകൾ പരിശോധിച്ച് വിലാസം തപ്പിയെടുത്ത് രണ്ടംഗ സംഘത്തെ ചോദ്യം ചെയ്തതോടെ ബാഗ് പൊലീസിനെ തിരിച്ചേൽപ്പിക്കുകയായിരുന്നു.
എ.എസ്.ഐമാരായ ജയകൃഷ്ണൻ, അനിൽകുമാർ, സി.പി.ഒ ഒ.കെ. പ്രശോഭ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.