കണ്ണൂർ: ലാൻഡ് ട്രിബ്യൂണലിലും ലാൻഡ് ബോർഡിലും കെട്ടിക്കിടക്കുന്ന പട്ടയ കേസുകൾ തീർപ്പാക്കുന്ന നടപടി വേഗത്തിലാക്കണമെന്ന് റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. ഇതിനായി ടീമായി പ്രവർത്തിക്കാൻ കഴിയണം. ഇങ്ങനെ ഈ പട്ടയ പ്രശ്നം കുറഞ്ഞ കാലം കൊണ്ട് തീർക്കാൻ പറ്റണം. കണ്ണൂർ ജില്ലയിൽ 10022 ലാൻഡ് ട്രിബ്യൂണൽ പട്ടയ അപേക്ഷയും 3292 ദേവസ്വം പട്ടയ അപേക്ഷയും കെട്ടിക്കിടക്കുന്നുണ്ട്. ഇത് സമയ ബന്ധിതമായി തീർപ്പാക്കാൻ കഴിയണം.
കണ്ണൂർ കളക്ടറേറ്റിൽ റവന്യു വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുയായിരുന്നു മന്ത്രി. കേരളത്തിൽ നിരവധി രീതിയിലുള്ള പട്ടയങ്ങൾ ഉണ്ട്. അതിനർത്ഥം അത്രയും രീതിയിൽ അർഹരായവർക്ക് ഭൂമി നൽകാൻ കഴിയുമെന്നാണ്. ഭൂമിയിൽ അവകാശം കിട്ടുക എന്നത് എല്ലാ കാലത്തും ജനങ്ങളുടെ ജീവൽ പ്രശ്നമാണ്. അതിനെ ആ രീതിയിൽ കണ്ട് അനുഭാവപൂർവം പരിഹരിക്കാൻ നമുക്ക് കഴിയണം. ഇതിനായി കൂട്ടായ പരിശ്രമങ്ങളാണ് ആരംഭിച്ചിട്ടുള്ളത്. യോഗത്തിൽ ജില്ലാ കളക്ടർ ടി.വി സുഭാഷ്, എ.ഡി.എം കെ.കെ ദിവാകരൻ, സബ് കളക്ടർ അനുകുമാരി, തളിപ്പറമ്പ് ആർ.ഡി.ഒ ഇ.പി മേഴ്സി എന്നിവർ യോഗത്തിൽ പങ്കെടുത്തു.