കാസർകോട്: ജില്ലയിലെ കിഴക്കൻ മേഖലയിലെ കൃഷിക്കാർ അനുഭവിക്കുന്ന വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അഡ്വ. എസ് .എൻ. സരിത റവന്യൂ വകുപ്പ് മന്ത്രി കെ രാജന് നിവേദനം നൽകി. ബേഡടുക്ക, മുളിയാർ, ദേലമ്പാടി പഞ്ചായത്തുകളിലെ വലിയൊരു വിഭാഗം കർഷകരാണ് കാട്ടാനകളുടെ അക്രമത്തിൽ ജീവനും സ്വത്തിനും കൃഷിക്കും ഭീഷണി നേരിടുന്നത്. ആനകളെ തുരത്താൻ കൃഷിക്കാർ നിരന്തരം രാപ്പകലില്ലാതെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ ശ്രമിക്കുന്നുണ്ടെങ്കിലും ഇവ പൂർവ്വാധികം ശക്തിയോടെ കൃഷിയിടങ്ങളിലേക്ക് തിരിച്ചെത്തുകയാണ് പതിവ്.