പേരാവൂർ: ബാവലിപ്പുഴയുടെ സമഗ്ര പഠനത്തിനും ജലസുരക്ഷാ പദ്ധതിക്കുമായി തയ്യാറാക്കുന്ന ജലബഡ്ജറ്റിനായി പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും ഹരിത കേരള മിഷന്റെയും നേതൃത്വത്തിൽ ബ്ലോക്കിലെ പഞ്ചായത്ത് പ്രസിഡന്റുമാർ, നിർവ്വഹണ ഉദ്യോഗസ്ഥർ, സി.ഡബ്‌ള്യു.ആർ.ഡി.എമ്മിലെ ശാസ്ത്രജ്ഞർ ഉൾപ്പെടെയുള്ളവരുടെ യോഗം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്നു.

ആദ്യഘട്ടത്തിൽ പേരാവൂർ ബ്ലോക്കിലെ കൊട്ടിയൂർ, കേളകം, കണിച്ചാർ, പേരാവൂർ, മുഴക്കുന്ന്, കോളയാട്, മാലൂർ എന്നീ പഞ്ചായത്തുകളെ ഉൾപ്പെടുത്തി സമഗ്ര ജലസംരക്ഷണ പ്രവർത്തനമാണ് നടത്തുക. ഒരു സാധാരണ പഠനം എന്നതിലുപരി ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് പഞ്ചായത്തുകളെ സ്വയംപര്യാപ്തമാക്കുകയാണ് ലക്ഷ്യം. മണ്ണ്, ജലം, പ്രകൃതി വിഭവങ്ങൾ എല്ലാം സകല ജീവജാലങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

വർഷംതോറും നടത്തുന്ന ജലസംരക്ഷണ പ്രവർത്തനങ്ങൾ കൊണ്ട് വെള്ളത്തിന്റെ തോത് ചിലപ്പോൾ കൂടാനോ കുറയാനോ സാദ്ധ്യതയുണ്ട്. ഇതിന്റെ ആകെത്തുകയാണ് ജല ബഡ്ജറ്റിലൂടെ മനസിലാക്കുന്നത്. ഇതിലൂടെ ഓരോ പഞ്ചായത്തിലുമുള്ള വെള്ളത്തിന്റെ കണക്ക് സൂക്ഷിക്കാനും നിലവിലുള്ള വെള്ളത്തിന്റെ സ്ഥിതിയെന്താണെന്ന് പരിശോധിക്കാനും കഴിയും. ലഭ്യമായ ജലം പഞ്ചായത്തിന്റെ ആവശ്യത്തിന് കൂടുതലാണോ കുറവാണോയെന്നും ഇതിലൂടെ മനസിലാക്കാം.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹരിത കേരള മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ ഇ.കെ. സോമശേഖരൻ പശ്ചാത്തല അവതരണം നടത്തി. സി.ഡബ്‌ള്യു.ആർ.ഡി.എം സയന്റിസ്റ്റുകളായ ഡോ. വിവേക്, ഡോ. കനിമൊഴി, ബി.ഡി.ഒ ആർ. സജീവൻ, മേജർ ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റിലെ രജീഷ്, സോയിൽ ഡിപ്പാർട്ട്‌മെന്റിലെ
മോഹനൻ, ഹരിത കേരള മിഷൻ പ്രതിനിധികൾ തുടങ്ങിയവർ പദ്ധതിയുമായി ബന്ധപ്പെട്ട് സംസാരിച്ചു.

ജലസുരക്ഷയ്ക്കായി മാപ്പും

ജലസുരക്ഷയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ബ്ലോക്കിലെ കൃഷിയിടങ്ങൾ, ജലസ്രോതസ്സുകൾ എന്നിവ ഉൾപ്പെടുത്തി ഒരു മാപ്പ് തയ്യാറാക്കുന്നുണ്ട്. ഡാറ്റ തയ്യാറാക്കിക്കഴിഞ്ഞാൽ ഏതു പഞ്ചായത്തിലാണ് കൂടുതലായി വെള്ളത്തിന്റെ പ്രശ്നമുള്ളതെന്ന് മനസിലാക്കാം. ഇതു പരിഹരിക്കാനായി പദ്ധതികളും ആവിഷ്‌കരിക്കാം. .

ബ്ലോക്ക് തലത്തിൽ സംഘാടക സമിതി രൂപീകരിച്ചു

പഞ്ചായത്ത് തലത്തിലും ഈ മാസം യോഗം ചേരും

ബ്ലോക്ക് പഞ്ചായത്ത് പദ്ധതിക്ക് നേതൃത്വം വഹിക്കും

പ്രവർത്തനങ്ങൾക്ക് വിദഗ്ദ്ധരുടെ സഹായം