sudhi

കണ്ണൂർ: സർ, എന്റെ പഞ്ചായത്തിൽ ഞാൻ മാത്രമാണ് എസ്.എസ്.എൽ.സി തോറ്റത്. എനിക്കിവിടെ നിൽക്കാൻ കഴിയുന്നില്ല. ഞാൻ അങ്ങോട്ട് വണ്ടി കയറുകയാണ്...

കൊടൈക്കനാലിൽ ഹോം സ്റ്റേയും കോട്ടേജും നടത്തുന്ന വടകര മടപ്പള്ളി സ്വദേശി സുധിയെ തേടി ആലപ്പുഴയിൽ നിന്നെത്തിയ ഫോൺ കാളിൽ പതറിയ സ്വരം.

നീ തനിച്ച് വരേണ്ട, അച്ഛനെയും അമ്മയെയും കൂട്ടിക്കോ...സുധിയുടെ ഉറച്ച മറുപടി.

എസ്. എസ്. എൽ.സി പരീക്ഷയിൽ തോറ്റവർക്കായി സ്വന്തം സ്ഥാപനത്തിൽ രണ്ട് ദിവസത്തെ സൗജന്യ താമസവും ഭക്ഷണവും ഒരുക്കുകയാണ് സുധി.

രണ്ടായിരം മുതൽ 5000 രൂപ വരെ വാടകയ്ക്ക് നൽകുന്ന കോട്ടേജുകളാണ് സൗജന്യമായി നൽകുന്നത്.

എസ്.എസ്.എൽ.സി പരീക്ഷാഫലം വന്നതിനു പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ സുധി ഈ പോസ്റ്റിട്ടതോടെ കേരളത്തിനകത്തും പുറത്തു നിന്നുമായി രക്ഷിതാക്കളുടെയും കുട്ടികളുടെയും ഫോൺകാളുകൾ നിരവധി. രണ്ടു ദിവസത്തിനകം നൂറോളം വിദ്യാർഥികൾ യാത്ര ഉറപ്പാക്കി. തോറ്റവരെന്ന് ഉറപ്പാക്കാൻ മാർക്ക് ലിസ്റ്റിന്റെ കോപ്പി ഉണ്ടായിരിക്കണം. രക്ഷിതാക്കളും കൂടെ വേണം. ഈ മാസം 31 വരെയാണ് ബുക്കിംഗ്.

വിജയം ആഘോഷിക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്യുന്ന ലോകത്ത് തോറ്റവർക്കുംഇടമുണ്ടെന്നും നാളത്തെ ലോകത്ത് അവർ ഉയരങ്ങളിലെത്തുമെന്ന തിരിച്ചറിവാണ് ആഘോഷം സംഘടിപ്പിക്കാൻ സുധിയെ പ്രേരിപ്പിച്ചത്.

പഠനത്തിൽ സുധി തോൽവി അറിഞ്ഞിട്ടില്ലെന്നതാണ് മറ്റൊരു സവിശേഷത.

ബിരുദപഠനവും ഹോട്ടൽ മാനേജ്മെന്റ് പഠനവും വിജയകരമായി പൂർത്തിയാക്കി. തോറ്റ സുഹൃത്തുക്കളുടെ വേദനയും നിരാശയും അടുത്തുനിന്ന് അറിഞ്ഞിട്ടുണ്ട്. അവരിൽ പലരും വലിയ പദവികളിലെത്തിയെന്ന് സുധി പറയുന്നു.

18 വർഷമായി കൊടൈക്കനാലിൽ ഹോം സ്റ്റേ ബിസിനസ് നടത്തുകയാണ് . ഭാര്യ ഷിനിയും മക്കളായ മാധവും മനേഘയും അടങ്ങുന്നതാണ് കുടുംബം.

തോറ്റവരെ ചേർത്തുനിർത്താൻ പലർക്കും മടിയാണ്. തോറ്റവർക്ക് അർഹമായ പിന്തുണയും പ്രോത്സാഹനവും നൽകാൻ എല്ലാവരും തയ്യാറാകണം'.

-സുധി