കണ്ണൂർ: സംസ്ഥാന സർക്കാരിന്റെ ‘സർപ്പ’ ആപ്പിന്റെ സഹായത്തോടെ കഴിഞ്ഞ ആറു മാസത്തിനിടയിൽ ജില്ലയിൽ പിടികൂടിയത്‌ മൂവായിരത്തിലേറെ പാമ്പുകളെ. പാമ്പുപിടിത്തത്തിൽ ലൈസൻസുള്ള 34 വളണ്ടിയർമാരാണ്‌ ‘സർപ്പ’യിലൂടെ ജനങ്ങളുടെ ഭീതിയകറ്റിയത്‌. രാജ്യത്ത്‌ ആദ്യമായി പാമ്പുപിടിത്തക്കാർക്ക്‌ ലൈസൻസും ആപ്പും തുടങ്ങിയ സംസ്ഥാനമാണ്‌ കേരളം. പാമ്പുപിടിച്ച്‌ പരിചയമുള്ളവർക്ക്‌ വനം വകുപ്പാണ്‌ ലൈസൻസ്‌ നൽകുന്നത്‌. പ്രതിഫലം നൽകുന്നില്ല. ഇവർക്ക്‌ ഗ്രൂപ്പ്‌ ഇൻഷ്വറൻസ്‌ തുടങ്ങുന്നകാര്യം പരിഗണനയിലാണ്‌. പാമ്പുപിടിത്തവുമായി ബന്ധപ്പെട്ട മുഴുവൻ വിശദീകരണവും ആപ്പിലുണ്ടാവും. ജനുവരിയിലാണ്‌ ഇത്‌ തുടങ്ങിയത്‌.
പതിനെട്ട്‌ വർഷമായി പാമ്പുപിടിത്തത്തിലുള്ള പരിചയത്തിലാണ്‌ കണ്ണൂർ തളാപ്പിലെ മനോജ്‌ കാമനാട്ട്‌ ലൈസൻസ്‌ നേടിയത്‌. ലൈസൻസ്‌ കിട്ടിയശേഷം വിഷമുള്ളതും അല്ലാത്തതുമായി നൂറിലേറെ പാമ്പുകളെ പിടിച്ചു. വർഷകാലത്താണ് ‌പാമ്പുകൾ ജനാവാസകേന്ദ്രങ്ങളിൽ കൂടുതലായി എത്തുന്നത്‌. മാളങ്ങളിൽ വെള്ളം കയറുന്നതിനാലും പ്രജനനകാലമായതിനാലുമാണ്‌ ഈർപ്പം കുറഞ്ഞ സ്ഥലങ്ങളിൽ ചേക്കേറുന്നത്‌. പിടികൂടുന്ന വിഷപ്പാമ്പുകളെ വനംവകുപ്പിന്‌ കൈമാറും. വിഷമില്ലാത്തവയെ അവയുടെ ആവാസകേന്ദ്രങ്ങളിൽ തുറന്നു‌വിടും. റിലയൻസ്‌ എയർക്രാഫ്‌റ്റ്‌ പെർഫമൻസ്‌ എൻജിനിയറാണ്‌ മനോജ്‌.