നീലേശ്വരം: ജില്ലയിലെ സാംസ്കാരിക കേന്ദ്രമെന്നറിയപ്പെടുന്ന നീലേശ്വരത്ത് താലൂക്ക് ആസ്ഥാനം വേണമെന്ന ആവശ്യത്തിന് ശക്തിയേറുന്നു. 1957 ആദ്യ ഇ.എം.എസ് സർക്കാർ ഭരണ സംവിധാനം പഠിക്കാൻ എം.കെ. വെള്ളോടി കമ്മിഷനെ വെച്ചിരുന്നു. അന്ന് നീലേശ്വരം ആസ്ഥാനമായി താലൂക്ക് രൂപീകരിക്കണമെന്ന് ശുപാർശയും ചെയ്തിരുന്നു. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ചന്തു ഓഫീസർ, മുൻ എം.എൽ.എ ടി.കെ.ചന്തൻ, സി. കൃഷ്ണൻ നായർ, എൻ.കെ.കുട്ടൻ, കയ്യൂർ ഗോപാലൻ എന്നിവരും നീലേശ്വരത്ത് ആസ്ഥാനമായി താലൂക്ക് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

1984 ൽ സി.എച്ച് ദാമോദരൻ നമ്പ്യാർ കമ്മിഷനും നീലേശ്വരം ആസ്ഥാനമായി താലൂക്ക് വേണമെന്ന് ശുപാർശ ചെയ്തിരുന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് തന്നെ നീലേശ്വരം ഫർക്ക യായിരുന്നു. ഫർക്ക അടിസ്ഥാനത്തിലായിരുന്നു താലൂക്ക് രുപീകരിച്ചിരുന്നത്. നീലേശ്വരം മുൻസിപ്പാലിറ്റിയെ കൂടാതെ 8 പഞ്ചായത്തുകൾ തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിലുണ്ടെങ്കിലും ഇവിടെ ഇതുവരെയായി താലൂക്ക് നിലവിൽ വന്നിട്ടില്ല.

അവിവിഭക്ത കണ്ണൂർ ജില്ലയിൽ നീലേശ്വരം, മഞ്ചേശ്വരം, പയ്യന്നൂർ, കൂത്തുപറമ്പ് കേന്ദ്രീകരിച്ച് താലൂക്ക് രൂപീകരിക്കണമെന്ന് നിർദ്ദേശം വന്നിരുന്നുവെങ്കിലും നീലേശ്വരവും, കൂത്തുപറമ്പും ഇന്നും പുറത്ത് തന്നെ. മുൻ മുഖ്യമന്ത്രിമാരായ ഇ.എം.എസും കെ. കരുണാകരനും നീലേശ്വരം ആസ്ഥാനമായി താലൂക്ക് വേണമെന്നുള്ള അഭിപ്രായക്കാരായിരുന്നു.

നിവേദനവുമായി സംഘടനകൾ

ഡോ. കെ. ഇബ്രാഹിം കുഞ്ഞി ചെയർമാനും, പ്രൊഫ. കെ.പി. ജയരാജൻ കൺവീനറുമായി നീലേശ്വരം താലൂക്കിന് വേണ്ടി കമ്മിറ്റിയും രൂപീകരിച്ചിരുന്നു. കഴിഞ്ഞദിവസം ജില്ലയിലെത്തിയ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിലിന് ഐ.എൻ.എൽ നീലേശ്വരം മുൻസിപ്പൽ കമ്മിറ്റി നീലേശ്വരം ആസ്ഥാനമായി താലൂക്ക് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയിട്ടുണ്ട്. കോൺഗ്രസ് എസ് ജില്ല പ്രസിഡന്റ് കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ ജില്ലയിലെത്തിയ റവന്യു വകുപ്പ് മന്ത്രി രാജനും നീലേശ്വരം താലൂക്ക് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു.