കാസർകോട്: മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ പോയത് കേസുകൾ ഒത്തുതീർപ്പാക്കുന്നതിനുള്ള വിലപേശലിനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. ജനങ്ങളെ ബാധിക്കുന്ന ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ ഒന്നും ചർച്ചചെയ്യുകയോ കേന്ദ്ര ആരോഗ്യ മന്ത്രിയെ കാണാൻ തയ്യാറാവുകയോ ചെയ്യാത്ത മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുകയാണ്. ജി.എസ്. ടിയുമായി ബന്ധപ്പെട്ട ഏതെങ്കിലും പ്രശ്നം പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തിട്ടില്ല. കേന്ദ്ര ഏജൻസികളുടെ അന്വേഷണവും കൊടകര കുഴൽപ്പണ കേസും ഒത്തുതീർപ്പാക്കുകയാണ് ലക്ഷ്യമെന്നും കാസർകോട് പ്രസ് ക്ലബിലെ മീറ്റ് ദി പ്രസിൽ അദ്ദേഹം പറഞ്ഞു.
പതിനായിരങ്ങൾക്ക് ജപ്തി നോട്ടീസ് അയയ്ക്കുന്ന ബാങ്കുകളുടെ നടപടി അടിയന്തരമായി നിർത്തിവയ്ക്കണം. ജനം വലിയ പ്രയാസത്തിലാണ്. കടകളും സ്ഥാപനങ്ങളും തുറക്കുന്നില്ല. ഓട്ടോ ടാക്‌സികൾ ഓടുന്നില്ല. വ്യവസായങ്ങൾ അടഞ്ഞുകിടക്കുന്നു. വ്യാപാര മേഖല നിശ്ചലമാണ്. മൂന്ന് മാസം ലോൺ അടച്ചില്ലെങ്കിൽ സിബിൽ റേറ്റിംഗ് താഴോട്ട് പോകും. അങ്ങനെ വന്നാൽ മറ്റൊരു വായ്പ കിട്ടില്ല. അതിനാൽ സിബിൽ റേറ്റിംഗ് കണക്കാക്കുന്നത് സസ്‌പെൻഡ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.