തൃക്കരിപ്പൂർ: വൈദ്യുതി തൂണുകൾക്കും ലൈനുകൾക്കും മുകളിൽ തൊട്ടു തൊട്ടില്ലായെന്ന നിലയിൽ പടർന്ന് പന്തലിച്ചു നിൽക്കുന്ന കൂറ്റൻ ആലിന്റെ ശാഖകളും ചില്ലകളും പരിസരവാസികളിൽ ആശങ്ക ഉണ്ടാക്കുന്നു. എടാട്ടുമ്മൽ ആലുംവളപ്പിൽ കുണിയനിലേക്ക് പോകുന്ന റോഡ് ജംഗ്ഷനിലാണ് അപകടാവസ്ഥയുള്ളത്.
ഇവിടെ അടുത്തടുത്ത മൂന്നു വൈദ്യുതി തൂണുകൾക്ക് മുകളിലേക്ക് നീണ്ടു കിടക്കുന്ന ആലിന്റെ ശാഖകളാണ് അപകട ഭീഷണി ഉണ്ടാക്കുന്നത്. ഹൈ വോൾട്ടേജ് പ്രവഹിക്കുന്ന ലൈനുകളും ഈ തൂണുകൾ വഴി കടന്നു പോകുന്നുണ്ട്. വൈദ്യുതി വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. കാറ്റും മഴയും കാരണം ഇവ രാത്രിയോ മറ്റോ ഏതു സമയത്തും ജനസഞ്ചാരമുള്ള ഇവിടുത്തെ ജംഗ്ഷൻ റോഡിലേക്ക് മുറിഞ്ഞു വീഴുന്ന സ്ഥിതിയാണ്. കളിസ്ഥലവും ആരാധനാലയങ്ങളും കച്ചവട സ്ഥാപനങ്ങളുമായൊക്കെ ബന്ധപ്പെട്ടുകിടക്കുന്നതാണ് ജംഗ്‌ഷൻ.